വീണ്ടും മലയാള സിനിമയുടെ സീൻ മാറ്റി ‘ആടുജീവിതം’

0
590

മലയാള സിനിമാ ചരിത്രത്തിൽ പ്രേക്ഷകർ ഇത്രയധികം കാത്തിരുന്ന മറ്റൊരു സിനിമയില്ല. കാത്തിരിപ്പ് അതിൻ്റെ പാരമ്യത്തിലെത്തി. ബെന്യാമിൻ്റെ ആടുജീവിതം വായിച്ചവർക്കും ഇതുവരെ വായിക്കാത്തവർക്കും മികച്ച അനുഭവമാണ് ചിത്രം നൽകുന്നത്.

ഒരു മനുഷ്യൻ തൻ്റെ മനുഷ്യജീവിതത്തിൽ ഇത്രയധികം അനുഭവിച്ചിട്ടുണ്ടാകുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യങ്ങളിലൂടെയാണ് നജീബ് കടന്നുപോയത്. ആട്ടിൻ പറ്റങ്ങൾക്കിടയിലേയ്ക്കെത്തുന്ന അയാൾ ഒടുക്കം ആടിൻ്റെ മണമുള്ള മറ്റൊരു ജീവിയായി മാറുകയായിരുന്നു. പ്രിയപ്പെട്ടവർക്കരികിലേയ്ക്ക് തിരികെയെത്തുമെന്ന് അയാൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.

മലയാള സാഹിത്യകാരൻ ബെന്യാമിൻ്റെ ഏറ്റവുംകൂടുതൽ ആസ്വാദകരുള്ള ആടുജീവിതം സിനിമയാക്കപ്പെടുമ്പോൾ അത് മലയാളത്തിൻ്റെ ഓരോ വായനക്കാരനും അഭിമാന നിമിഷമാണ്. നോവലിലെ അദ്ധ്യായങ്ങൾ പോലെ നീണ്ടുകിടക്കുന്നതാണ് നടൻ പൃഥ്വിരാജിൻ്റേയും സംവിധായകൻ ബ്ലെസിയുടേയും പ്രയത്നം. മലയാള സിനിമയിൽ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത പരീക്ഷണങ്ങളിലൂടെയാണ് പൃഥ്വിരാജ് ഈ ചിത്രത്തിന് വേണ്ടി കടന്നുപോയത്. ജീവിതത്തിൻ്റെ നല്ലൊരു ഭാഗം മാറ്റിവെച്ചാണ് ബ്ലെസിയും ഈ ചിത്രത്തിൻ്റെ പാക്കപ്പ് പറയാൻ കാത്തത്.

പരിശ്രമങ്ങളൊന്നും വെറുതെയായിട്ടില്ലെന്നാണ് ചിത്രം ഇപ്പോൾ തെളിയിക്കുന്നത്. പൃഥ്വിരാജ് എന്ന നടൻ എന്നും അഭിമാനിക്കാവുന്ന ചിത്രം, മലയാള സിനിമയെ അടുത്ത ഓസ്ക്കറിന് അർഹമാക്കേണ്ട ചിത്രം എന്നിങ്ങനെ നിരവധിയാണ് ഇപ്പോൾ ആടുജീവിതം.