വൻ സാമ്പത്തിക ശക്തികൾ ഉൾപ്പെട്ട കേസുകളിൽ മാധ്യമ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. അസാധാരണമായ സാഹചര്യത്തിൽ മാത്രം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് സുപ്രീം കോടതി രാജ്യത്തെ കോടതികൾക്ക് നിർദ്ദേശം നൽകി.
മാധ്യമങ്ങളെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കി ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിൻ്റേതാണ് സുപ്രധാന ഉത്തരവ്. അഭിപ്രായ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിൽ ഏകപക്ഷീയമായ മാധ്യമ നിരോധനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കുന്നത് പൊതു ചർച്ച സ്തംഭിപ്പിക്കുന്നതിന് തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.