രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
132

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറൽ ബോണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനങ്ങളിൽ കേന്ദ്രം അനാവശ്യമായി ഇടപെടുകയാണെന്നും രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ജനങ്ങൾ ആശങ്കാകുലരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെ രാജ്യം മുഴുവൻ അപലപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഇടപെടൽ നടത്തുകയാണ് കേന്ദ്രം. കേന്ദ്രത്തിൻ്റെ ഇത്തരം നടപടികൾ ആദ്യമോ അവസാനമോ അല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഇലക്ട്‌റൽ ബോണ്ട് വലിയ അഴിമതിയാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. അത് കൊണ്ടുവന്നപ്പോൾ തന്നെ ശക്തമായി കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തതാണ്. സിപിഐഎം സുപ്രിംകോടതിയെ സമീപിക്കാനും തയ്യാറായി. രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ട് വഴി പണം സ്വീകരിക്കാമെന്ന് വന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് അതിനെ എതിർത്തത്. ഇപ്പോൾ കേസിൽ തീരുമാനമായി. കോടതി ഇടപെടലിലൂടെ ഇലക്ടറൽ ബോണ്ട് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് തെളിഞ്ഞുകഴിഞ്ഞു’.

പൗരത്വഭേദഗതി നിയമത്തിലും കേന്ദ്രത്തെയും കോൺഗ്രസിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ മനുഷ്യരെയും ഒന്നായിക്കാണാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോൾ കേരളത്തിൽ മാത്രമാണ് എതിർപ്പുണ്ടായത്. കോൺഗ്രസ് അധ്യക്ഷൻ ആ നീക്കത്തെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. യോജിച്ച പ്രതിഷേധത്തിന് ഇല്ലെന്നും കോൺഗ്രസ് നിലപാടെടുത്തു. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം, യോജിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്തിട്ടുണ്ടാകാം. അതുകൊണ്ടാകാം അവർ വിട്ടുനിന്നത്’. മുഖ്യമന്ത്രി വിമർശിച്ചു.