മദ്യനയ അഴിമതിക്കേസിൽ പണം കിട്ടിയത് ആർക്കെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്‌രിവാൾ

0
188

മദ്യനയ അഴിമതിക്കേസിൽ ആർക്കാണ് പണം കിട്ടിയതെന്ന് അരവിന്ദ് കെജ്‌രിവാൾ നാളെ കോടതിയിൽ വെളിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും കെജ്‌രിവാൾ ഭാര്യ സുനിതയ്ക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.

ഇഡി പറഞ്ഞ അഴിമതിക്കഥയുടെ സത്യാവസ്ഥ നാളെ വിചാരണക്കോടതിയിൽ വെളിപ്പെടുമെന്നും പണം ആർക്കൊക്കെ പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് ഭാര്യ സുനിതയ്ക്ക് കെജ്രിവാളിൻ്റെ സന്ദേശം. കെജ്‌രിവാളിൻ്റെ അഭാവത്തിൽ സുനിത ഡൽഹിയുടെ ചുമതല വഹിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്താസമ്മേളനം.

നാളെ കെജ്‌രിവാളിനെ വിചാരണക്കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് ഇഡി 250 റെയ്ഡുകൾ നടത്തിയെങ്കിലും ഇതുവരെ ഒരു രൂപ പോലും കണ്ടെടുത്തിട്ടില്ല.

അതേസമയം, ഷുഗർ കാരണം കെജ്‌രിവാളിൻ്റെ ആരോഗ്യനില മോശമാണെന്ന് സുനിത കെജ്‌രിവാൾ പറഞ്ഞു. തൻ്റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നതെന്നും ആത്മാവ് ഇപ്പോഴും എല്ലാവർക്കുമൊപ്പം ഉണ്ടെന്നും, കണ്ണടച്ചാൽ അടുത്ത് തന്നെ അവരെ അനുഭവിക്കാമെന്ന കെജ്രിവാളിൻ്റെ വികാരനിർഭരമായ വരികൾ സുനിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.