ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് സൈനികനും ഭാര്യയും അറസ്റ്റിൽ

0
228

11 വയസ്സുള്ള ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് സൈനികനും ഭാര്യയും അറസ്റ്റിൽ. ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

അറസ്റ്റിലായ സൈനികൻ്റെ ഭാര്യ പെൺകുട്ടിയുടെ ബന്ധുവാണ്. 11 കാരിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. പിന്നാലെ അച്ഛനും ഉപേക്ഷിച്ചു പോയി. ഇതോടെയാണ് ഇവർ പെൺകുട്ടിയെ ദത്തെടുത്തത്. ഇന്ത്യൻ ആർമിയിൽ സുബേദാറും ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്നതുമായ സൈനികൻ ഒരു മാസത്തെ അവധിക്ക് കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇയാൾ 11 കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഊമച്ചിക്കുമൽ പൊലീസ്.

സംഭവത്തിന് പിന്നാലെ പെൺകുട്ടി സൈനികൻ്റെ ഭാര്യയോട് പരാതിപ്പെട്ടു. എന്നാൽ പൊലീസിൽ അറിയിക്കുന്നതിന് പകരം വിഷയം മറച്ചുവെക്കാനാണ് ഇവർ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. മാർച്ച് 22ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

ബോധരഹിതയായ പെൺകുട്ടിയെ ദമ്പതികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തി. ദമ്പതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.