പോളോ തിരിച്ചുവരുന്നു: ഫോക്‌സ്‌വാഗൺ ഡയറക്ടർ പദ്ധതികൾ വെളിപ്പെടുത്തുന്നു

ഫോക്‌സ്‌വാഗൺ ഇന്ത്യ 2.0 തന്ത്രത്തിലേക്ക് ചുവടു വെച്ചതിനാൽ പോളോയെ അതിൻ്റെ യഥാർത്ഥ രൂപത്തിൽ റീലോഞ്ച് ചെയ്യുന്നത് സാധ്യമായേക്കില്ല.

0
204

2010 -ൽ ഇന്ത്യൻ വിപണിയിൽ എത്തിയ പോളോയാണ് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോക്‌സ്‌വാഗൺ കാർ എന്നത് ശ്രദ്ധേയമാണ്. ചടുലമായ ഹാൻഡ്‌ലിംഗ്, പെപ്പി പെർഫോമൻസ്, സോളിഡ് ബിൽഡ് ക്വാളിറ്റി എന്നിവയാണ് പോളോയെ ഇത്രയും ജനപ്രിയമാക്കിയത്. എന്നാൽ കാലക്രമേണ കുറഞ്ഞ വിൽപ്പന സംഖ്യകളും കൂടുതൽ സവിശേഷതകളാൽ സമ്പന്നമായ എതിരാളികളുടെ കടന്നു കയറ്റവും ഉൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ 2022 -ൽ ഹാച്ച്ബാക്കിനെ കമ്പനി നിർത്തലാക്കി.

പ്രീമിയം സെഗ്‌മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള തന്ത്രങ്ങളിലാണ് ബ്രാൻഡ് ഫോക്കസ് ചെയ്യുന്നത്. ടൈഗൂൺ കോംപാക്ട് എസ്‌യുവി, വിർട്ടസ് സെഡാൻ തുടങ്ങിയ ജനപ്രിയ മോഡലുകൾക്കൊപ്പം ഇന്ത്യ 2.0 പ്രോജക്റ്റ് വളരെ വിജയകരമാണ് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതിനാൽ പോളോയെ അതിൻ്റെ യഥാർത്ഥ രൂപത്തിൽ വീണ്ടും പുറത്തിറക്കുക എന്നത് ഒരു പടി പിന്നോട്ട് പോകുക എന്നാണ് അർഥമാക്കുന്നത്.

മാത്രമല്ല, റീലോഞ്ച് പ്ലാനിന് ആവശ്യമായ വിൽപ്പന നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമോ എന്നും ഉറപ്പില്ല. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന പോളോ ഒരിക്കലും അഞ്ചാം തലമുറ മോഡലിന് അപ്പുറത്തേക്ക് നീങ്ങിയിട്ടില്ലെങ്കിലും, വാഹനം അന്താരാഷ്ട്ര വിപണികളിലുടനീളം അതിൻ്റെ ആറാം തലമുറയിലേക്ക് മാറിയിരിക്കുന്നു എന്നത് വ്യക്തമായി ശ്രദ്ധിക്കേണ്ടതാണ്.

വിപണിയിൽ നിന്ന് പിൻവലിച്ചെങ്കിലും, പോളോ ബ്രാൻഡ് ഇപ്പോഴും വാഹന പ്രേമികൾക്കിടയിൽ വളരെ പ്രിയപ്പെട്ടതാണ്. ഇന്ത്യയിൽ പോളോയെ വീണ്ടും അവതരിപ്പിക്കാൻ ഫോക്സ്‌വാഗണിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ഉപഭോക്താക്കൾ ഇപ്പോഴും ചോദിക്കാറുണ്ട് എന്നതാണ് വാസ്തവം. 2024 ലെ ഫോക്‌സ്‌വാഗൺ വാർഷിക ബ്രാൻഡ് കോൺഫറൻസിൽ സംസാരിച്ച ഫോക്‌സ്‌വാഗൺ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത, പോളോ തിരികെ എത്താനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ചു.

പോളോ പുനരാരംഭിക്കാൻ നിലവിൽ പദ്ധതികൾ ഒന്നുമില്ല, എങ്കിലും ഭാവിയിൽ ഇതിനു ഒരു സാധ്യതയുണ്ടായിരിക്കാം. എസ്‌യുവി അല്ലെങ്കിൽ ഇവി ഫോർമാറ്റിൽ പോളോ റീലോഞ്ച് ചെയ്യുന്നതും പരിഗണിക്കാവുന്ന ഓപ്ഷനുകളിൽ ഉൾപ്പെടുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫോക്‌സ്‌വാഗൺ ഇന്ത്യ 2.0 തന്ത്രത്തിലേക്ക് ചുവടു വെച്ചതിനാൽ പോളോയെ അതിൻ്റെ യഥാർത്ഥ രൂപത്തിൽ റീലോഞ്ച് ചെയ്യുന്നത് സാധ്യമായേക്കില്ല.

ചില വിപണികളിൽ പോളോ സെഡാൻ എന്ന പേരിൽ വിർട്ടസും വിൽക്കുന്നുണ്ട്. ബ്രസീലിയൻ വിപണിയിൽ, ഫോക്‌സ്‌വാഗൺ അടുത്തിടെ പോളോയുടെ ഒരു ഓഫ്-റോഡ് പതിപ്പ് പോളോ റോബസ്റ്റ് എന്ന പേരിൽ അവതരിപ്പിച്ചു. MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജർമ്മൻ ബ്രാൻഡ്.