തിരുവനന്തപുരം വെട്ടുറോഡിൽ ട്രാൻസ്‌ഫോർമർ റോഡിലേക്ക് വീണ് അപകടം

0
164

തിരുവനന്തപുരം വെട്ടുറോഡിൽ ട്രാൻസ്‌ഫോർമർ റോഡിലേക്ക് വീണു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പൈപ്പ് ലൈൻ ട്രാൻഫോമറിന് താഴേ വെള്ളം ശക്തിയായി എത്തിയതാണ് ട്രാൻസ്‌ഫോർമർ റോഡിലേക്ക് വീഴാൻ കാരണം. ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ്ഫോമറാണ് മറിഞ്ഞത്. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലേക്കായി ജല അതോറിട്ടി പുതുതായി സ്ഥാപിച്ച പൈപ്പ് ലൈൻ ഇന്ന് രാവിലെ 8.30 യോടെയാണ് പൊട്ടിയത്. പിന്നാലെ ദേശീയപാത 66 ന്റെ നിർമ്മാണത്തെ തുടർന്ന് മാറ്റി സ്ഥാപിച്ച ട്രാൻസ്‌ഫോമർ റോഡിലേക്ക് മറിഞ്ഞു വീണു. ട്രാൻഫോമറിന് താഴേ വെള്ളം ശക്തിയായി എത്തിയതോടെയാണ് മറിഞ്ഞ് വീണത്. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപെട്ടത്.

സുരക്ഷിതമല്ലാതെയാണ് ട്രാൻഫോമർ മാറ്റി സ്ഥാപിച്ചത് എന്ന് നാട്ടുകാർ പറയുന്നു. ദേശീയപാതയ്ക്ക് കുറുകെ ട്രാൻസ്‌ഫോമർ വീണതോടെ കഴക്കുട്ടം -പള്ളിപ്പുറം പാതയിൽ ഗതാഗതം തടസപ്പെട്ടു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വഴി തിരിച്ച് വിട്ടു. 11.30യോടെ ഒരു വരിയായി വാഹനങ്ങൾ കടത്തി വിട്ടു. ഉച്ചയോടെയാണ് ട്രാൻസ്‌ഫോമർ റോഡിൽ നിന്ന് മാറ്റാൻ അധികൃതർക്ക് സാധിച്ചത്. മണിക്കുറുകൾ കഴിഞ്ഞാണ് ദേശീയ പാത അധികൃതരും കെഎസ്ഇബി യും ട്രാൻസ്‌ഫോമർ റോഡിൽ നിന്ന് നീക്കം ചെയ്യാൻ തയാറായതെന്ന നാട്ടുകാരും യാത്രക്കാരും ആരോപിക്കുന്നു.