ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ 20 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ മുന്നോട്ടുവച്ച 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടാനേ സാധിച്ചുള്ളൂ. 64 റൺസ് നേടിയ നിക്കോളാസ് പൂരാനാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി ട്രെൻ്റ് ബോൾട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി
വളരെ മോശം തുടക്കമാണ് ലക്നൗവിനു ലഭിച്ചത്. പവർ പ്ലേ ഓവറുകളിൽ ട്രെൻ്റ് ബോൾട്ടും നന്ദ്രേ ബർഗറും കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ആദ്യ നാലോവറിൽ ലക്നൗവിന് 3 വിക്കറ്റ് നഷ്ടമായി. ക്വിൻ്റൺ ഡികോക്ക് (4), ദേവ്ദത്ത് പടിക്കൽ (0), ആയുഷ് ബദോനി (1) എന്നിവർ വേഗം മടങ്ങി. അഞ്ചാം നമ്പറിലെത്തിയ ദീപക് ഹൂഡയുടെ കൗണ്ടർ അറ്റാക്ക് ലക്നൗവിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. രാഹുലും ആക്രമണ മോഡിലേക്ക് മാറിയതോടെ സ്കോർ കുതിച്ചു. ഇതിനിടെ 13 പന്തിൽ 26 റൺസ് നേടിയ ഹൂഡ എട്ടാം ഓവറിൽ പുറത്തായി. 49 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് താരം മടങ്ങിയത്.
പിന്നീട് നിക്കോളാസ് പൂരാൻ എത്തി. പൂരാനും രാഹുലും തുടർ ബൗണ്ടറികൾ നേടി ക്രീസിലുറച്ചതോടെ കളിയിൽ ലക്നൗ ആധിപത്യം നേടിയെടുത്തു. ഇരുവരും ചേർന്ന് 85 റൺസാണ് കൂട്ടിച്ചേർത്തത്. ലക്നൗ അനായാസം വിജയത്തിലേക്ക് കുതിയ്ക്കുന്നതിനിടെ സന്ദീപ് ശർമ പന്തെറിയാനെത്തി. ഡെത്ത് ഓവറിലേക്ക് മാറ്റിവച്ചിരുന്ന സന്ദീപ് ഒന്നാന്തരമായി പന്തെറിഞ്ഞതോടെ രാഹുൽ വീണു. 44 പന്തിൽ 58 റൺസ് നേടിയാണ് രാഹുൽ മടങ്ങിയത്. മാർക്കസ് സ്റ്റോയിനിസിനെ (1) അശ്വിൻ വീഴ്ത്തി. അവസാന ഓവറുകളിൽ അവിശ്വസനീയമായി പന്തെറിഞ്ഞ സന്ദീപും അവസാന ഓവറിൽ വെറും 6 റൺസ് മാത്രം വിട്ടുനൽകിയ ആവേശ് ഖാനും ചേർന്ന് രാജസ്ഥാന് വിജയം സമ്മാനിച്ചു.