‘വയർ എരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’; ‘ഹൃദയപൂർവ്വം’ എട്ടാം വർഷത്തിലേക്ക്

0
144

കൊല്ലത്ത് ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവ്വം’ പദ്ധതി എട്ടാം വർഷത്തിലേക്ക്. വയർ എരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്ഐ കഴിഞ്ഞ എട്ടു വർഷമായി കൊല്ലം ജില്ലാ ആശുപത്രിയിൽ സ്നേഹത്തിൻ്റെ പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രോഗികളും കൂട്ടിരിപ്പുകാരും പൊതിച്ചോറുമായി എത്തുന്ന ഡിവൈഎഫ്ഐയുടെ സ്നേഹ വണ്ടിക്കായി കാത്തു നിൽപ്പ് തുടങ്ങും.

ദിനം പ്രതി 500 പൊതിച്ചോർ വിതരണം ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി ആവശ്യക്കാർ ഏറിയതോടെ ആയിരങ്ങൾ കടന്നു. ഏഴ് വർഷത്തിനിടെ അൻപത്തിനാല് ലക്ഷത്തിലധികം പൊതിച്ചോർ കൊല്ലം ജില്ലാ ആശുപത്രിയിൽ മാത്രം വിതരണം ചെയ്തു. ഏത് പ്രതിസന്ധി ഉണ്ടായാലും പൊതിച്ചോറുമായി ഡിവൈഎഫ്ഐ കൊടിക്കെട്ടിയ വണ്ടിയെത്തുമെന്ന് കാത്തുനിൽക്കുന്നവർക്ക് ഉറപ്പാണ്.

പൊതിച്ചോറിന് രാഷ്ട്രീയം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പ് കാലത്തും ഒരു ദിനം പോലും മുടങ്ങാതെ വിശക്കുന്നവരുടെ വിശപ്പ് അകറ്റുന്നുണ്ട് ഡിവൈഎഫ്ഐ. പാലിയേറ്റിവ് കെയർ രംഗത്ത് കൂടുതൽ യുവാക്കളെ എത്തിക്കുകയാണ് ഡിവൈഎഫ്ഐയുടെ അടുത്ത ലക്ഷ്യം.