62-ാം വയസ്സിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്ന് തൃശൂർ സ്വദേശിനി

0
214

62-ാം വയസ്സിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്ന് തൃശൂർ സ്വദേശിനി. ഏഴുകിലോമീറ്റർ ദൂരം ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ടാണ് ഡോ.കുഞ്ഞമ്മ മാത്യൂസ് നീന്തിക്കടന്നത്. ഇതോടെ വേമ്പനാട്ടുകായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി ഡോ.കുഞ്ഞമ്മ മാത്യൂസ്.

മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള കുഞ്ഞമ്മ മാത്യൂസിന് വേമ്പനാട്ടുകായൽ നീന്തി കീഴടക്കണമെന്ന് വലിയ മോഹമുണ്ടായിരുന്നു. ചില സ്കൂൾ വിദ്യാർത്ഥികളിൽ കൈകാലുകൾ ബന്ധിച്ച് നീന്തി റെക്കോർഡിട്ടത് അറിഞ്ഞതോടെ കുഞ്ഞമ്മ മാത്യൂസും ആ തീരുമാനമെടുത്തു. അങ്ങനെയാണ് ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിൽ പരിശീലനത്തിനെത്തുന്നത്.

ചിട്ടയായ പരിശീലനത്തിനൊടുവിൽ ആ ലക്ഷ്യം അവർ കീഴടക്കി. ആലപ്പുഴ പള്ളിപ്പുറം അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ച് വരെയുള്ള ഏഴു കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 40 മിനിറ്റുകൊണ്ടാണ് കുഞ്ഞമ്മ മാത്യൂസ് നീന്തിക്കടന്നത്. നിഷ ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ് കുഞ്ഞമ്മ മാത്യൂസിനെ വരവേറ്റത്. അനുമോദിക്കാൻ നിരവധി പേർ എത്തി.

മൂന്നര മാസത്തോളം മൂവാറ്റുപുഴയാറിലായിരുന്നു നീന്തൽ പരിശീലനം. ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് കുഞ്ഞമ്മ മാത്യൂസ് നീന്തൽ പരിശീലിച്ചത്.