ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ചാലക്കുടി ലോകസഭാ മണ്ഡലം LDF സ്ഥാനാർത്ഥി

0
175

ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ചാലക്കുടി ലോകസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി പ്രഫ. സി രവീന്ദ്രനാഥ്. ആർ എൽ വി രാമകൃഷ്ണന്റെ ചേനത്തുനാടുള്ള വീട് സന്ദർശിച്ചാണ് രവീന്ദ്രൻ മാഷ് തന്റെ പിന്തുണ അറിയിച്ചത്. ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങുന്നതിന് മുൻപായി രാമകൃഷ്ണനെ കാണാനെത്തിയ രവീന്ദ്രൻ മാഷിനെ കണ്ണീരോടെയാണ് രാമകൃഷ്ണൻ സ്വീകരിച്ചത്.

കലയ്ക്കും സാഹിത്യത്തിനും നിറമോ ജാതിയോ ലിംഗഭേദമോ ഇല്ലെന്നും രാമകൃഷ്ണനൊപ്പം ഉറച്ചുനിൽക്കുമെന്നും രവീന്ദ്രൻ മാഷ് പറഞ്ഞു. തന്നെ അപമാനിച്ചവർക്ക് കഴിവ് തെളിയിച്ച് മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർഗ്ഗാത്മകത ജന്മനാ ലഭിക്കുന്ന സിദ്ധിയാണ്. കല ആരുടേയും കുത്തകയല്ല. അത് മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടത് കലാകാരൻ്റെ കടമയാണെന്ന് രവീന്ദ്രൻ മാഷ് ഓർമ്മിപ്പിച്ചു. തനിക്കെതിരെ വിദ്വേഷകരമായ പരാമർശം നടത്തിയ ഒരു സ്ത്രീയിൽ നിന്ന് താൻ നേരിട്ട വിവേചനത്തെക്കുറിച്ചും രാമകൃഷ്ണൻ അദ്ദേഹത്തോട് പറഞ്ഞു.

കൂടിക്കാഴ്ചയിൽ കലാഭവൻ മണിയെക്കുറിച്ചും ഇരുവരും സംസാരിച്ചു. സഹോദരിമാരായ ശാന്തയെയും തങ്കമണിയെയും കണ്ട് സംസാരിച്ച ശേഷമാണ് പ്രൊഫ.സി.രവീന്ദ്രനാഥ് മടങ്ങിയത്. മുൻ എംഎൽഎ ബി ഡി ദേവസ്സി, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, പി എം വിജയൻ, ടി പി ജോണി, കെ ഐ അജിതൻ തുടങ്ങിയവരും രവീന്ദ്രൻ മാഷിനൊപ്പം ആർഎൽവി രാധാകൃഷ്ണൻ്റെ വീട്ടിലെത്തിയിരുന്നു.