ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ റിമാൻഡിൽ

0
169

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആറ് ദിവസത്തേക്ക് റിമാൻഡിൽ.അരവിന്ദ് കേജ്രിവാളിനെതിരെ കടുത്ത വാദങ്ങളാണ് റൗസ് അവന്യൂ കോടതിയിൽ ഇ.ഡി നടത്തിയത്. അഴിമതി നടത്താൻ കെ.കവിതയും അരവിന്ദ് കേജ്രിവാളും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും കേജ്രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമാണ് ഇ.ഡി വാദം.

കോടിക്കണക്കിന് രൂപ കോഴയായി അരവിന്ദ് കെജ്രിവാൾ ചോദിച്ചുവാങ്ങിയെന്നാണ് ഇ.ഡി പറയുന്നത്. ആസൂത്രണത്തിന് പിന്നിൽ കേജ്രിവാളാണെന്ന് ഇ.ഡി പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവായ സിഡിആറുകൾ പക്കലുണ്ടെന്ന് ഇ.ഡി വാദിച്ചു. സൗത്ത് ഗ്രൂപ്പിന്റെയും എഎപിയുടെയും ഇടനിലക്കാരനായി പ്രവർത്തിച്ച വിജയ് നായർ താമസിച്ചിരുന്നത് കെജ്രിവാളിന് സമീപമുള്ള വീട്ടിലാണെന്ന് ഇ.ഡി പറഞ്ഞു. ഡൽഹി സർക്കാരിലെ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് നൽകിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട് വിജയ് നായർക്ക് നല്കിയതും ഡൽഹി മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണെന്നും ഇ.ഡി വാദിച്ചു.

മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം അല്ല മറ്റ് ഫോൺ കാൾ രേഖകൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്ന് എഎസ്ജി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ ഗോവയിലെ ഒരു എഎപി സ്ഥാനാർഥി ശരിവച്ചു. ആ വ്യക്തിക്ക് പണം ലഭിച്ചിരുന്നു. പ്രത്യുപകാരമായി നൽകിയ പണത്തിൽ നിന്നാണ് അവർക്ക് തുക ലഭിച്ചതെന്ന് എഎസ്ജി പറഞ്ഞു. കേജ്രിവാൾ ശിക്ഷ അനുഭവിക്കാൻ ബാധ്യസ്ഥനാണെന്നും ഇ.ഡി വ്യക്തമാക്കി. പത്ത് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ഇ.ഡി കോടതിയിൽ നൽകിയത്.

ഒരു കസ്റ്റോഡിയൽ ഇന്ററോഗേഷൻ തടയുന്നതിനുള്ള വാദങ്ങളാണ് മനു അഭിഷേക് സിംഗ്വി നടത്തുന്നത്. അറസ്റ്റ് ചെയ്തത് കൊണ്ട് റിമാൻഡ് ചെയ്യേണ്ടത് അനിവാര്യമില്ലന്നൊണ് പ്രതിഭാഗത്തിന്റെ വാദം. പിഎംഎൽഎ ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇ.ഡി നടപടിയെന്നും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ഇവിടുത്തെ മുഖ്യമന്ത്രിയാണെന്നത് ഇ.ഡി പരിഗണിയ്ക്കണമായിരുന്നുവെന്നും കേജ്രിവാളിന് വേണ്ടി അഭിഭാഷകൻ വാദിച്ചു. കേജ്രിവാളിനെതിരെ മൊഴി നൽകിയ ഒരു മാപ്പുസാക്ഷി ആത്മാർത്ഥത ഇല്ലാത്ത സുഹ്യത്താണെന്നും അയാളുടെ മൊഴി അനുസരിച്ച് അറസ്റ്റ് ഉണ്ടായാൽ അത് സാമാന്യ നീതി തത്വങ്ങൾക്ക് എതിരാകുമെന്നും മാപ്പുസാക്ഷികൾക്ക് വിശ്വാസ്യത ഉണ്ടെന്ന് കരുതാനാകില്ല അഭിഭാഷകൻ വാദിച്ചു.

മൂന്നര മണിക്കൂർ നീണ്ടുനിന്ന വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ആറു ദിവസം ഇ ഡി കസ്റ്റഡിയിൽ കെജ്രിവാളിനെ വിട്ടുകൊണ്ടുള്ള കോടതിയുടെ തീരുമാനം. വൈദ്യ നിയമ സഹായങ്ങൾക്ക് കെജ്രിവാൾ ഈ കാലയളവിൽ അർഹനായിരിക്കും. അറസ്റ്റിൽ ആയതിനുശേഷം ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിയാതിരിക്കുന്ന അരവിന്ദ് കെജരിവാളിന് വിചാരണ കോടതിയുടെ തീരുമാനം കനത്ത തിരിച്ചടിയാണ്. നാളയോ ശനിയാഴ്ചയോ അരവിന്ദ് കെജ്രിവാൾ ജാമ്യപേക്ഷ സമർപ്പിക്കും എന്നാണ് വിവരം.