ഹോളി ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ബോർഡ്

0
125

ഹോളി ആഘോഷത്തിനായി വെള്ളം ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ബോർഡ്. ഹോളിയുടെ ഭാഗമായി നിരവധി ഹോട്ടലുകളിൽ പൂൾ പാർട്ടികളും റെയ്ൻ ഡാൻസുമെല്ലാം പ്ലാൻ ചെയ്യുന്നുണ്ട്. ഇതിനായി കാവേരി നദിയിൽ നിന്നുള്ള വെള്ളമോ കുഴൽക്കിണറുകളിൽ നിന്നുള്ള വെള്ളമോ ഉപയോഗിക്കരുതെന്നാണ് വാട്ടർ സപ്ലൈ ബോർഡിൻെറ നിർദ്ദേശം.

ബെംഗളൂരു നഗരം ചരിത്രത്തിലെ ഏറ്റവും വലിയ ജലക്ഷാമം നേരിടുന്ന കാലമാണ് കടന്ന് പോവുന്നത്. ഇത്തരമൊരു കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് ജനങ്ങളുടെ സഹകരണം നിർണായകമാണെന്ന് ബോർഡ് ചെയർമാൻ വി രാം പ്രസാദ് മനോഹർ പറഞ്ഞു. ഹോളി ആഘോഷം വലിയ സാംസ്കാരിക പ്രാധാന്യമുള്ള ആഘോഷമാണ്. വീടുകളിലും താമസ സ്ഥലങ്ങളിലുമെല്ലാം ഹോളി ആഘോഷിക്കുന്നതിനോട് യാതൊരുവിധ വിയോജിപ്പുമില്ല.

ആഘോഷവുമായി ബന്ധപ്പെട്ട് പരിപാടികൾ നടത്തുന്നതിലും തെറ്റില്ല. എന്നാൽ നിലവിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പൂൾ പാർട്ടികളും റെയ്ൻ ഡാൻസുമെല്ലാം നടത്തി വെള്ളം അമിതമായി ഉപയോഗിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. ബെംഗളൂരുവിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ശുദ്ധീകരിച്ച വെള്ളം തന്നെ ഉപയോഗിക്കണം. ശുദ്ധീകരിക്കാത്ത പൈപ്പ് വെള്ളം ഉപയോഗിക്കുന്ന അവസ്ഥ ഉണ്ടാക്കരുത്. ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കാര്യങ്ങൾ ഇങ്ങനൊയെക്കെയാണെങ്കിലും ബെംഗളൂരുവില വമ്പൻ ഹോട്ടലുകളിൽ പൂൾ പാർട്ടികളും റെയ്ൻ ഡാൻസും നടത്താൻ ലക്ഷ്യമിടുന്നുണ്ടെന്ന് തന്നെയാണ് റിപ്പോർട്ട്. ബുക്ക് മൈ ഷോയിലും മറ്റും ഇത്തരം പാർട്ടികൾക്കായുള്ള ടിക്കറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാനും സാധിക്കും. പൂൾ സൌകര്യവും ഡിജെ പാർട്ടിയുമെല്ലാമുള്ള ഹോളി ആഘോഷത്തിനുള്ള ടിക്കറ്റിന് വളരെ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് നൽകുന്നത്. 49 രൂപ വരെയുള്ള ടിക്കറ്റ് ലഭ്യമാണ്.

ഇലക്ട്രോണിക് സിറ്റിയിലെ മീനാക്ഷി റിസോർട്ട് വമ്പൻ ഹോളി പാർട്ടിയാണ് നടത്താൻ പോവുന്നത്. മാർച്ച് 24, 25 ദിവസങ്ങളിൽ രംഗീല ഉത്സവ് എന്ന പേരിലാണ് പരിപാടി നടത്തുന്നത്. ബെംഗളൂരുവിലെ ഏറ്റവും വലിയ ഹോളി ആഘോഷം എന്നാണ് റിസോർട്ട് ഉടമകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. നഗരത്തിലെ ഏറ്റവും വലിയ പൂളാണ് ഇവിടെ ഉള്ളതെന്നും അവകാശപ്പെടുന്നു. റെയ്ൻ ഡാൻസും പൂൾ പാർട്ടിയും നടത്താനാണ് അവർ ഉദ്ദേശിക്കുന്നത്. 99 രൂപ മുതലാണ് ബുക്ക് മൈ ഷോയിൽ ടിക്കറ്റ് നിരക്ക്.
പരസ്യം ചെയ്യൽ

ബെട്ടദാസനപുരയിലെ ലാഗോ പാംസ് എന്ന റിസോർട്ടിലും വലിയ ആഘോഷമാണ് നടക്കാൻ പോകുന്നത്. നഗരത്തിലെ ഏറ്റവും ഗംഭീരമായ റെയ്ൻ ഡാൻസ് നടത്തുന്നത് തങ്ങളാണെന്നാണ് റിസോർട്ട് അവകാശപ്പെടുന്നത്. ദേസി ഹോളി ഓപ്പൺ എയർ പൂൾ ഹോളി ഫെസ്റ്റിവൽ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മാർച്ച് 23 മുതൽ 25 വരെ നടക്കുന്ന ഇവിടുത്തെ ഹോളി പാർട്ടിയിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നത് 199 രൂപ മുതലാണ്.