ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി മന്ത്രിമാർ

0
131

ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി മന്ത്രിമാർ. സമരം കണക്കിലെടുത്തു ഡൽഹിയിലെ പ്രധാന പാതകൾ ബാരിക്കേഡ് ഉയർത്തി അടച്ചു. ഡൽഹിയിൽ ദ്രുതകർമ സേനയെ ഉൾപ്പെടെ വിന്യസിച്ചു കഴിഞ്ഞു. ഇ.ഡി. ആസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡൽഹിയിൽ മെഗാ പ്രതിഷേധ മാർച്ച് നയിച്ച മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും മറ്റ് പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധക്കാരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ബസിലേക്ക് അതിഷിയെ പോലീസ് വലിച്ചിഴയ്ക്കുന്ന നാടകീയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അയച്ച സമൻസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന് അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഭഗവന്ത് മാൻ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കൾ വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് ഇറങ്ങുന്നതോടെ രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി ആരംഭം കുറിക്കുകയാണ്.

അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെ തുടർന്ന് ആം ആദ്മി പാർട്ടി (എഎപി) അനുഭാവികളുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹി ട്രാഫിക് പോലീസ് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണത്തിന് ഉത്തരവിട്ടിരുന്നു. നഗരത്തിലെ ഒന്നിലധികം റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഈ വഴികൾ പരമാവധി ഒഴിവാക്കണമെന്ന് പോലീസ് യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.