‘നിങ്ങളും വേറെ ലെവൽ’, ആരാധകരെ മലയാളം പറഞ്ഞ് ഞെട്ടിച്ച് വിജയ്

0
455

പതിനാല് വർഷങ്ങൾക്ക് ശേഷം ദ ഗോട്ട്(ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) എന്ന ചിത്രത്തിന്റെ ഷൂട്ടിന്റെ ഭാഗമായിയാണ് നടൻ വിജയ് കേരളത്തിൽ എത്തിച്ചേർന്നത്. ഹയാത്ത് റസിഡൻസിയിൽ താമസിക്കുന്ന താരത്തെ കാണാൻ ഒട്ടനവധി പേരാണ് ഇവിടെ ഓരോ നിമിഷവും എത്തിച്ചേരുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ഇപ്പോഴിതാ കേരളത്തിൽ എത്തിയ ശേഷം ആദ്യമായി മലയാളത്തിൽ തന്റെ ആരാധകരെ അഭിസംബോധന ചെയ്തിരിക്കുകയാണ് വിജയ്.

പതിവ് പോലെ ബസിന് മുകളിൽ കയറി നിന്ന വിജയ് പറ‍ഞ്ഞത്, “ഏൻ അനിയത്തി, അനിയൻ, ചേച്ചി, ചേട്ടന്മാർ, എന്റെ അമ്മ അപ്പന്മാർ.. നിങ്ങളെ എല്ലാവരെയും കാണുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം. ഓണം ആഘോഷത്തിൽ നിങ്ങൾ എത്രത്തോളം സന്തോഷത്തോടെ ഇരിക്കുമോ അതുപോലത്തെ സന്തോഷമാണ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എനിക്ക് ഉള്ളത്. എല്ലാവർക്കും കോടാനു കോടി നന്ദി. തമിഴ്നാട്ടിലെ എന്റെ നൻപൻ, നൻപികൾ മാതിരി നിങ്ങളും വേറെ ലെവലിങ്കേ. നിങ്ങൾ നൽകുന്ന സ്നോഹത്തിന് വീണ്ടും കോടാനു കോടി നന്ദി അറിയിക്കുന്നു. മലയാള മണ്ണില്‍ വന്നതില്‍ വളരെയധികം സന്തോഷം”,എന്നാണ്.

തിങ്കളാഴ്ചയാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈയില്‍ നിന്നും വിമാനമാര്‍ഗം എത്തിയ താരത്തെ കാണാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നുവെങ്കിലും ഏറെ പണിപ്പെട്ടാണ് താരത്തിന്‍റെ വാഹനം കടത്തിവിട്ടത്. ഇതിനിടയില്‍ കാറിന്‍റെ റൂഫ് വഴി ആരാധകരെ വിജയ് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

ഹയാത്ത് ഹോട്ടലില്‍ എത്തിയ ശേഷമുള്ള വിജയിയുടെ കാറിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണു. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ടായിരുന്നു. പതിനാല് വര്‍ഷം മുന്‍പാണ് വിജയ് കേരളത്തില്‍ വന്നത്. കാവലന്‍ സിനിമയുമായി ബന്ധപ്പെട്ട് ആയിരുന്നു ഇത്.