ആര്‍.എല്‍.വി. രാമകൃഷ്ണനെ നിറംപറഞ്ഞ് അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ; പ്രതികരണവുമായി രാമകൃഷ്ണൻ

0
137

മോഹിനിയാട്ടം നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെ നിറംപറഞ്ഞ് അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല എന്നായിരുന്നു പരാമർശം. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു.

ജാതി അധിക്ഷേപത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തി. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാളെ കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പറ്റ തള്ള പോലും സഹിക്കില്ല” എന്നായിരുന്നു കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദപരാമര്‍ശം. സത്യഭാമയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നേരത്തേയും തന്നെയവര്‍ ആക്ഷേപിച്ചിട്ടുണ്ടെന്നും ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പ്രതികരിച്ചു. എം.ജി. സര്‍വകലാശാലയില്‍ എം.എ. മോഹിനിയാട്ടം ഒന്നാംറാങ്കോടെ പാസ്സായ വ്യക്തിയാണ് ആല്‍.എല്‍.വി. രാമകൃഷ്ണന്‍. പിഎച്ച്ഡിയും 15-ഓളം വര്‍ഷത്തെ പ്രവൃത്തിപരിചയവുമുണ്ട്.

പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ അറിയിച്ചു.

ആര്‍.എല്‍.വി. രാമകൃഷ്ണന്റെ പ്രതികരണം
പ്രിയ കലാ സ്‌നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസയോഗ്യതയില്ല എന്നൊക്കെയാണ് ഇവര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാന്‍ ഏതോ ഒരു സ്ഥാപനത്തില്‍ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവര്‍ പുലമ്പുന്നത്. എന്നാല്‍ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാന്‍ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതല്‍ തൃപ്പൂണിത്തുറ RLV കോളേജില്‍ മോഹിനിയാട്ട കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാന്‍. 4 വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവര്‍ പറയുന്ന കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തില്‍ തന്നെ മോഹിനിയാട്ടത്തില്‍ Phd പൂര്‍ത്തിയാക്കുകയും ചെയ്തു.UGC യുടെ അസിസ്റ്റന്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദര്‍ശന്‍ കേന്ദ്രം A graded ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേര്‍ത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തില്‍ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ Phd നേടുന്നതും ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികതന്നെ ചെയ്യും.