കേരളത്തിലെ 4141 ഹെക്ടർ സ്വാഭാവിക വനമാക്കുന്നു; സ്വാഭാവിക മരങ്ങൾ നട്ടുപിടിപ്പിക്കും

0
123

സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 4141 ഹെക്ടർ (10,228 ഏക്കർ) സ്വാഭാവിക വനമാക്കുന്നു. അക്കേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ്, വാറ്റിൽ, തേക്ക്, മഞ്ഞക്കൊന്ന തുടങ്ങിയ മരങ്ങൾ ഈ സ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്യും. പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ദോഷകരമായ മരങ്ങൾ മുറിച്ചുമാറ്റി ഓരോ പ്രദേശത്തിനനുസരിച്ച് സ്വാഭാവിക മരങ്ങൾ നട്ടുപിടിക്കാനാണ് തീരുമാനം.

തുടർന്ന് മലവേപ്പ്, വട്ട, ഞാവൽ, കാട്ടുനെല്ലി, വാക, മുള തുടങ്ങിയ സ്വാഭാവിക മരങ്ങൾ വെച്ചുപിടിപ്പിക്കും. ഏകവിളത്തോട്ടങ്ങൾ മാറ്റി തദ്ദേശീയ മരങ്ങൾ നടാനുള്ള സർക്കാർ പദ്ധതി 2021-ലാണ് ആരംഭിച്ചത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സർക്കിളുകളിലായി ഇതിനായുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 27,000 ഹെക്ടർ സ്ഥലത്ത് രണ്ടു പതിറ്റാണ്ടുകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ഏകവിളത്തോട്ടങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കൊല്ലം, തൃശ്ശൂർ സർക്കിളിന്റെ കീഴിലുള്ള 748 ഹെക്ടർ അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങളിൽനിന്നും അസംസ്കൃതവസ്തുക്കൾ ശേഖരിക്കുന്നതിന് വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എൽ.) കമ്പനിക്ക് അനുമതിനൽകിയിട്ടുണ്ട്.