സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമയ്ക്ക്

0
313

ഇത്തവണത്തെ സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമയ്ക്ക്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളി ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്. തനിക്കിത് സന്തോഷകരവും അഭിമാനകരവുമായ നിമിഷമാണെന്നും സരസ്വതി സമ്മാൻ മലയാളത്തിലേക്കെത്തിയതിൽ താൻ മാധ്യമമായതിൽ അഭിമാനമുണ്ടെന്നും കവി പ്രഭാവർമ മാധ്യമങ്ങളോട് പറഞ്ഞു. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയാണ് 12 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് പുരസ്കാരം കൊണ്ടു വന്നത്.

ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.

1995 ൽ ബാലാമണിയമ്മ, 2005 ൽ കെ.അയ്യപ്പപ്പണിക്കർ, 2012ൽ സുഗതകുമാരി എന്നിവരാണ് ഇതിന് മുൻപ് സരസ്വതി സമ്മാൻ ലഭിച്ച മലയാള കവികൾ.