ഐപിഎൽ കമൻ്ററിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങി നവജ്യോത് സിംഗ് സിദ്ദു

0
218

വർഷങ്ങൾക്ക് ശേഷം ഐപിഎൽ കമൻ്ററിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങി നവജ്യോത് സിംഗ് സിദ്ദു. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ വരാനിരിക്കുന്ന സീസണോടെ കമൻ്ററി ബോക്‌സിലേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ധു. വർഷങ്ങൾക്ക് ശേഷം കമൻ്റേറ്റിംഗ് ചുമതലയിലേക്ക് തിരിച്ചെത്തുന്ന സിദ്ദു സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് ടീമിൻ്റെ ഭാഗമാകും. കമന്ററി രംഗത്തെ ഇന്ത്യയിലെ എക്കാലത്തെയും മുൻനിര പേരുകളിലൊരാളാണ് സിദ്ദുവിന്റേത്.

1999 മുതൽ 2014-15 വരെ സിദ്ദു കമന്ററി രംഗത്തുണ്ടായിരുന്നു. ഐ.പി.എലിന്റെ ആദ്യ ഘട്ടങ്ങളിൽ സിദ്ദു കമന്ററി രംഗത്ത് പ്രവർത്തിച്ചിരുന്നു. സിദ്ദുവിന്റെ സ്വതസിദ്ധമായ കമന്ററികൾ അക്കാലത്ത് വലിയ തോതിൽ സ്വീകരിക്കപ്പെട്ടു. കമന്ററി രംഗത്ത് ‘സിദ്ദുയിസം’ എന്ന വാക്ക് തന്നെ രൂപപ്പെട്ടു. ഒരു ടൂർണമെന്റിന് 60-70 ലക്ഷം രൂപ വരെയാണ് സിദ്ദു തുടക്കത്തിൽ വാങ്ങിക്കൊണ്ടിരുന്നത്. ഐ.പി.എലിലെത്തിയതോടെ ഒരു കളിക്ക് 25 ലക്ഷം രൂപ എന്ന തോതിൽ വാങ്ങാൻ തുടങ്ങി.

1983 മുതൽ 1998 വരെയുള്ള 15 വർഷം ഇന്ത്യൻ ദേശീയ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട് സിദ്ദു. 51 ടെസ്റ്റുകളും 136 ഏകദിനങ്ങളും കളിച്ച സിദ്ദു, യഥാക്രമം 3202, 4413 റൺസും നേടിയിട്ടുണ്ട്. 15 സെഞ്ചുറികളും 48 അർധ സെഞ്ചുറികളും സിദ്ദുവിന്റെ പേരിലുണ്ട്.