യുവാവിൽനിന്ന്‌ അഞ്ചുലക്ഷംരൂപ തട്ടി; പ്രതിയെ ജയ്‌പൂരിൽനിന്ന് പിടികൂടി വയനാട് സൈബർ പോലീസ്

0
169

ബത്തേരി സ്വദേശിയായ യുവാവിൽനിന്ന്‌ അഞ്ചുലക്ഷംരൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയെ ജയ്‌പൂരിൽനിന്ന് പിടികൂടി വയനാട് സൈബർ പോലീസ്. മനീഷ മീണ (28) എന്ന യുവതിയെയാണ് ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും പിടികൂടിയത്. ഏഴുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലായാണ് യുവതി പിടിയിലായത്.

2023 ജൂലായിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. ടെലിഗ്രാം വഴി നഗ്നവീഡിയോകോൾ ചെയ്തശേഷം ഭീഷണിപ്പെടുത്തിയാണ് യുവാവിൽനിന്ന്‌ പണം തട്ടിയത്. കേരളാ പോലീസ് തന്നെ തിരക്കി രാജസ്ഥാൻവരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻതന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചുനൽകി. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത്.

വ്യാജ ബാങ്ക് അക്കൗണ്ടുകൾവഴിയാണ് പണം സ്വീകരിച്ചത്. അപരിചിതരുടെ അക്കൗണ്ടുകളിൽനിന്നുവരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിൽ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു.

എസ്.ഐ. ബിനോയ്‌ സ്കറിയ, എസ്.പി.സി.ഒ.മാരായ കെ. റസാക്ക്, സലാം കെ.എ., പി.എ. ഷുക്കൂർ, അനീസ്, സി.പി.ഒ.സി. വിനീഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.