ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുൻകൂർ ജാമ്യം

0
170

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുൻകൂർ ജാമ്യം. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. ഇഡിയുടെ ഹർജിയിൽ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഡൽഹി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു.

ഇഡിയുടെ അപേക്ഷയിൽ കോടതി വാദം തുടരും. ഏപ്രിൽ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.കേസിൻറെ രേഖകൾ ആവശ്യപ്പെട്ടുള്ള കെജ്രിവാളിൻറെ അപേക്ഷയിൽ മറുപടി നൽകാൻ ഇഡിക്ക് കോടതി നിർദ്ദേശം നൽകി.

കേസിൽ സമൻസ് നൽകിയിട്ടും തുടർച്ചയായി കെജ്രിവാൾ ഹാജരാകുന്നില്ലെന്നായിരുന്നു ഇഡിയുടെ പരാതി. ഇഡി ഇതുവരെ അയച്ച എട്ട് സമൻസുകളിലും അദ്ദേഹം ഹാജരായിരുന്നില്ല.

കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തി.