കോവിഡ് 19 ആഗോളതലത്തില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തിന്റെ കുറവുണ്ടാക്കിയെന്ന് പഠനം

0
170

കോവിഡ് 19 വ്യാപനം ആഗോളതലത്തില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.6 വര്‍ഷത്തിന്റെ കുറവുണ്ടാക്കിയതെന്ന് ലാന്‍സെറ്റ്. ഇത് ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങള്‍, സമ്പദ് വ്യവസ്ഥകള്‍, സമൂഹം എന്നിവയില്‍ വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.

ആഗോള ആരോഗ്യരംഗത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്. 84 ശതമാനം രാജ്യങ്ങളിലും പ്രദേശങ്ങളിലും ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവുണ്ടായതായി കണ്ടെത്തി. മെക്‌സിക്കോ സിറ്റി, പെറു, ബൊളീവിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

2020, 2021 വര്‍ഷങ്ങളില്‍ പ്രായപൂര്‍ത്തിയായവരുടെ മരണനിരക്കിലും കാര്യമായ വര്‍ധന രേഖപ്പെടുത്തിയതായി പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തിയതാണ് പ്രതീക്ഷ നല്‍കുന്ന കാര്യമെന്നും പഠനം വ്യക്തമാക്കി. എങ്കിലും കുട്ടികളുടെ മരണനിരക്കില്‍ പ്രാദേശിക അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദക്ഷിണേഷ്യയിലും ഉപ സഹാറന്‍ ആഫ്രിക്കയിലും കുട്ടികളുടെ മരണനിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയതായും പഠനം വ്യക്തമാക്കി.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മരണനിരക്ക്, പകര്‍ച്ചവ്യാധി മൂലമുള്ള അധിക മരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം, ജനസംഖ്യാ വിവരങ്ങള്‍ എന്നിവ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.