രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പേരിൽ ജഡ്ജി സ്ഥാനം നിഷേധിക്കാനാകില്ല; കേരള ഹൈക്കോടതി ജഡ്ജി നിയമനത്തിൽ SC കൊളീജിയം

0
192

രാഷ്ട്രീയ പശ്ചാത്തലത്തിന്റെ പേരിൽ ഒരാൾക്ക് ജഡ്ജി സ്ഥാനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി കൊളീജിയം. കേരള ഹൈക്കോടതി ജഡ്ജിയുടെ രാഷ്ട്രീയ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്രത്തിൻ്റെ എതിർപ്പ് “അങ്ങേയറ്റം അവ്യക്തമാണ്” എന്ന് സുപ്രീം കോടതി കൊളീജിയം വിശേഷിപ്പിച്ചു.

കേരള ഹൈക്കോടതി നിയമനത്തിൽ മനോജ്‌ പുലമ്പി മാധവനെ ഉൾപ്പെടുത്തിയതിലുള്ള കേന്ദ്രത്തിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിയമനത്തിന് അംഗീകാരം നൽകിയത്. ഒരാൾക്ക് രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്നത് മതിയായ കാരണമല്ലെന്ന് ചീഫ് ജസ്റ്റിസ് വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ് എന്നിവരടങ്ങുന്ന കൊളീജിയം, കേരള ഹൈക്കോടതിയിൽ ജഡ്ജിയായി ഉയർത്താൻ അനുയോജ്യനെന്ന് സുപ്രീം കോടതിയും ഹൈക്കോടതി ജഡ്ജിമാരും കണ്ടെത്തിയ പട്ടികജാതി അഭിഭാഷകൻ മനോജ് പുലമ്പി മാധവൻ്റെ സ്ഥാനാർത്ഥിത്വം പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിലയിരുത്തൽ.

2023 ൽ ബിജെപിയുടെ മുൻ നേതാവായിരുന്ന എൽ. വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിച്ചിരുന്നുവെന്നും ബിജെപിയുടെ ദേശീയ മഹിളാ മോർച്ചയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്ന ഗൗരിയുടെ നിയമനത്തിൽ കേന്ദ്ര സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും കൊളീജിയം ചൂണ്ടിക്കാട്ടി. കൂടാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹി കൂടിയായിരുന്ന അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ച കാര്യവും കൊളീജിയം സൂചിപ്പിച്ചു.

ബാറിൽ മതിയായ പ്രാക്ടീസ് ഉള്ള മാധവന്റെ അഭിഭാഷകനെന്ന നിലയിലെ കഴിവും പെരുമാറ്റവും ഹൈക്കോടതിയിലെ കൊളീജിയം അംഗങ്ങൾ നിരീക്ഷിച്ചിട്ടുണ്ടെന്നും അവരുടെ അഭിപ്രായത്തിന് കൂടി പ്രാധാന്യം നൽകേണ്ടതുണ്ടെന്നും കൊളീജിയം വ്യക്തമാക്കി. മാധവനെക്കൂടാതെ അബ്ദുൽ ഹക്കീം മുല്ലപ്പള്ളി അബ്ദുൾ അസീസ്, ശ്യാം കുമാർ വടക്കേ മുടവക്കാട്ട്, ഹരിശങ്കർ വിജയൻ മേനോൻ, മനു ശ്രീധരൻ നായർ, ഈശ്വരൻ സുബ്രഹ്മണി എന്നിവരെയും കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം ശുപാർശ ചെയ്തു.