മുട്ടില്‍ മരം മുറി കേസ്; മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത് പ്രതികളില്‍ ഒരാള്‍ മാത്രം

0
150

മുട്ടില്‍ മരം മുറി കേസുമായി ബന്ധപെട്ട് ബുധനാഴ്ച സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത് പ്രതികളില്‍ ഒരാള്‍ മാത്രം.

അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് കോടതി സമന്‍സ് അയച്ചത്. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന അജി മാത്രമാണ് കോടതിയില്‍ എത്തിയത്. മറ്റു പ്രതികള്‍ അഭിഭാഷകര്‍ മുഖേന അവധി ആവശ്യപ്പെടുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നതിന് ഏപ്രില്‍ 25ലേക്ക് മാറ്റി.

മുട്ടില്‍ മരം മുറി കേസില്‍ പി. ഡി. പി. പി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഇതില്‍പ്പെടും. കേസില്‍ ഡിസംബര്‍ നാലിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ. എസ്. പി വി. വി. ബെന്നി കുറ്റപത്രം സമര്‍പ്പിച്ചത്.

സർക്കാർ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് വയനാട്ടിലെ മുട്ടിൽ വില്ലേജിലെ റവന്യൂ പട്ടയഭൂമിയിലെ വംശനാശഭീഷണി നേരിടുന്ന 104 റോസ് വുഡ് മരങ്ങൾ വെട്ടിമാറ്റിയതാണ് മുട്ടിൽ മരം മുറി കേസ്. സൗത്ത് വില്ലേജ് ഓഫീസർ, സ്‌പെഷ്യൽ ഓഫീസർ, മരം മുറിക്കാൻ സഹായിച്ചവർ എന്നിവരുൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ. കേസിൽ 420 സാക്ഷികളാണുള്ളത്. രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

1964ന് ശേഷം നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ ഭൂവുടമകൾക്ക് അനുമതി നൽകി റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൻ്റെ മറവിലാണ് പ്രതികൾ റോസ്‌വുഡ് മരങ്ങൾ വെട്ടിമാറ്റിയത്. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരള ലാൻഡ് കൺസർവൻസി ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മുട്ടിൽ മരം മുറിച്ച കേസിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഡിഎൻഎ വിശകലനത്തിൽ 574 വർഷം പഴക്കമുള്ള മരങ്ങളാണ് മുറിച്ചതായി കണ്ടെത്തിയത്.

വെട്ടിമാറ്റിയ 104 മരങ്ങളിൽ മൂന്നെണ്ണത്തിന് 500 വർഷത്തിലേറെ പഴക്കമുണ്ട്, ഏറ്റവും പഴക്കം ചെന്ന വൃക്ഷം 574 വർഷം പഴക്കമുള്ളതാണ്. കൂടാതെ, ഒമ്പത് മരങ്ങൾ 400 വയസ്സിന് മുകളിലും 12 മരങ്ങൾ 300 വയസ്സിന് മുകളിലും 41 മരങ്ങൾ 200 വയസ്സിന് മുകളിലും 31 എണ്ണം 100 വയസ്സിന് മുകളിലും ആയിരുന്നു. ബാക്കിയുള്ള ഏഴ് മരങ്ങൾക്ക് ഏകദേശം 85 വർഷം പഴക്കമുണ്ട്.