8 വർഷത്തിനുശേഷം രഞ്ജി ട്രോഫി സ്വന്തമാക്കി മുംബൈ

0
225

8 വർഷത്തിനുശേഷം രഞ്ജി ട്രോഫി സ്വന്തമാക്കി മുംബൈ. ഫൈനലിൽ വിദർഭയെ തോൽപ്പിച്ചാണ് മുംബൈയുടെ കിരീടധാരണം. 169 റൺസിന് വിദർഭയെ തകർത്ത മുംബൈ ഇത് 42ആം തവണയാണ് രഞ്ജി ജേതാക്കളാവുന്നത്. രണ്ടാം ഇന്നിംഗ്സിൽ 537 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിദർഭ 368 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ 224 റൺസ് മാത്രമേ മുംബൈക്ക് നേടാനായുള്ളൂ. 75 റൺസ് നേടിയ ശാർദുൽ താക്കൂർ ആദ്യ ഇന്നിംഗ്സിൽ നിർണായക പ്രകടനം നടത്തി. എന്നാൽ, വിദർഭയെ 105 റൺസിനു പുറത്താക്കി 119 റൺസിൻ്റെ നിർണായക ലീഡ് നേടാൻ അവർക്ക് സാധിച്ചു. രണ്ടാം ഇന്നിംഗ്സിൽ മുഷീർ ഖാൻ്റെ (136) സെഞ്ചുറി മുംബൈക്ക് കരുത്തായി. ശ്രേയാസ് അയ്യർ 95 റൺസും അജിങ്ക്യ രഹാനെ 73 റൺസും ഷംസ് മുലാനി 50 റൺസും നേടിയപ്പോൾ മുംബൈ 418 റൺസ് അടിച്ചെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിദർഭയ്ക്ക് 133 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും കരുൺ നായർ (74), അക്ഷയ് വാധ്കർ (102), ഹർഷ് ദുബേ (65) എന്നിവർ ചേർന്ന് പൊരുതിയപ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 353 റൺസിലെത്തി. വാലറ്റത്തെ വേഗം ചുരുട്ടിക്കെട്ടിയ മുംബൈ വിജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റിംഗിൽ സെഞ്ചുറി നേടിയ മുഷീർ ഖാൻ ബൗളിംഗിൽ രണ്ട് വിക്കറ്റും വീഴ്ത്തി. മുഷീറാണ് കളിയിലെ താരം.