സംസ്ഥാനത്തുടനീളം ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കെഎസ്ആർടിസിയുമായി ചേർന്ന് ഗതാഗത വകുപ്പ്

0
318

സംസ്ഥാനത്തുടനീളം ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കെഎസ്ആർടിസിയുമായി ചേർന്ന് ഗതാഗത വകുപ്പ്. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ഗുണനിലവാരമുള്ള ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും മിതമായ നിരക്കിൽ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകളിലും ആവശ്യത്തിന് ഭൂമിയുള്ളതിനാൽ ടെസ്റ്റിംഗ് ഗ്രൗണ്ടും മറ്റ് അനുബന്ധ സൗകര്യങ്ങളും സംസ്ഥാന പബ്ലിക് യൂട്ടിലിറ്റി ഒരുക്കും.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ 22 പരിശീലന കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര (RW), പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ (RW), ചിറ്റൂർ, കോഴിക്കോട് (RW), മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ആദ്യഘട്ട പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉൾപ്പെടെ നൽകി അതാതിടങ്ങളിൽത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശാനുസരണം വിഭാവനം ചെയ്യുന്നത്. കൂടുതൽ സമയം കൃത്യതയോടെയുള്ള പരിശീലനം നൽകി ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് യോഗ്യത സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്.

സാധാരണക്കാർക്ക് ഇപ്പോൾ വഹിക്കേണ്ടി വരുന്നതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പരിശീലനം പൂർത്തിയാക്കുവാൻ ഉപയുക്തമാകുന്ന നിലയിൽ കെഎസ്ആർടിസിയുടെ ചുമതലയിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള വിശദമായ സാങ്കേതിക പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാൻ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഏറ്റവും ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടി ആരംഭിക്കുന്ന പ്രസ്തുത ഡ്രൈവിംഗ് സ്കൂളുകളിൽ കെഎസ്ആർടിസി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.