കേരള സർവകലാശാല കോഴ കേസ്; ആരോപണം നേരിട്ട വിധി കർത്താവ് ആത്മഹത്യ ചെയ്തു

0
243

കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണം നേരിട്ട വിധി കർത്താവ് പി എൻ ഷാജിയെ(52) മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റ്മോർട്ടം.

കേരള സർവകലാശാല കലോത്സവത്തിൽ മാർ​ഗംകളിയുടെ ഫലം അട്ടിമറിക്കാൻ ഷാജി കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. ആരോപണം നേരിട്ട ഷാജിയെ ഇന്നലെയാണ് കണ്ണൂരിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും ഷാജി തന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു. പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പരാമർശമുണ്ട്.

ഷാജിയെ കോഴ ആരോപണത്തിൽ കുടുക്കിയതാണെന്നും ആസൂത്രിത ചതിയെന്നും ബന്ധുക്കൾ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജിക്ക് പൊലീസ് നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ഷാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.