റിവ്യൂ ബോംബിങ്; അവലോകനങ്ങൾക്കായി 48 മണിക്കൂർ വിൻഡോ ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി

0
390

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ റിവ്യൂ ബോംബിങ് നിയന്ത്രിക്കുന്നതിന് മാർഗനിർദേശങ്ങൾ വേണമെന്ന് അമിക്കസ് ക്യൂറി കേരള ഹൈക്കോടതിയെ അറിയിച്ചു. സിനിമ റിലീസ് ചെയ്ത് ആദ്യ 48 മണിക്കൂറിൽ ഫിലിം റിവ്യുയെന്ന പേരിലുള്ള വിലയിരുത്തൽ വ്ലോഗർമാർ ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. വിവാദം ഉണ്ടാക്കി ക്ലിക്ക് ബൈറ്റ് വർധിപ്പിക്കാനായിരിക്കരുത് റിവ്യു എന്നും അമിക്കസ് ക്യൂറി ശ്യാം പദ്മൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിലീസിങ് തീയതികളിൽ നെഗറ്റീവ് റിപ്പോർട്ടുകൾ നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് ‘ആരോമലിൻറെ ആദ്യപ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ്‌ നൽകിയ ഹർജിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിൽ കേന്ദ്രസർക്കാരിൻറെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. നെഗറ്റീവ് റിവ്യൂ വന്നിട്ടും അടുത്തിടെ ചില സിനിമകൾ വിജയിച്ചെന്നും സിനിമയെ കുറിച്ചുള്ള മോശം അഭിപ്രായങ്ങൾ ജനങ്ങൾ എത്രത്തോളം വിശ്വസിക്കുന്നുണ്ടെന്ന് അറിയില്ലെന്നും കോടതി പറഞ്ഞു.

സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും അഭിനേതാക്കളെയും പരസ്യമായി അപമാനിക്കുന്ന രീതിയിൽ വ്ലോഗർമാർ റിവ്യൂ പറയാറുണ്ടെന്നും ഇതുവഴി അവരുടെ ശ്രമങ്ങളെ കരിവാരിതേക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിഫലത്തിന് വേണ്ടി റിവ്യൂ ചെയ്യുന്നവർ പണം നൽകാൻ തയാറാകാത്തവർക്കെതിരെ നെഗറ്റീവ് റിവ്യൂ ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ ഇതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പരിമിതിയുണ്ട്. ഇതിനെ ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിൽ തുടങ്ങിയവയുടെ പരിധിയിൽ വരാത്തതാണ് കാരണം.

റിവ്യൂ ബോംബിങ്ങിനെതിരെ പരാതി നൽകാൻ സൈബർ സെല്ലിൽ പ്രത്യേക പോർട്ടൽ വേണം. എല്ലാ റിവ്യൂ സെറ്റുകളും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിലവാരം പുലർത്തണമെന്നും നിർദേശമുണ്ട്. ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ഓഫ് റൂൾസ് ലംഘിച്ചാൽ ഉടൻ നടപടിയെടുക്കണം. റിവ്യൂ ബോംബിങ്ങിനെതിരെ ഐപിസി,ഐടി, കോപ്പി റൈറ്റ് നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാമെന്നും അമിക്കസ് ക്യൂറി നിർദേശം നൽകി.

അമിക്കസ് ക്യൂറിയുടെ പ്രധാന മാർഗനിർദേശങ്ങൾ

അപമാനിക്കുന്ന ഭാഷ, നടീ നടന്മാർക്കും സിനിമയ്ക്ക് പിന്നിലുള്ളവർക്കുമെതിരെയുള്ള വ്യക്തിപരമായ ആക്രമണം, അപകീർത്തികരമായ പരാമർശങ്ങൾ തുടങ്ങിയ തടയണം.

സിനിമയെ വലിച്ചുകീറുന്നതിന് പകരം ക്രിയാത്മകമായ വിമർശനം നടത്തണം.

സിനിമയുടെ കഥ, കഥാപാത്രത്തിൻറെ വികസനം, ഛായാഗ്രഹണം, ശബ്ദ സംവിധാനം തുടങ്ങിവയെ കേന്ദ്രീകരിച്ചു വേണം അഭിപ്രായ പ്രകടനം നടത്താൻ.

ഭാവിയിൽ സംവിധായകർക്ക് അവരുടെ സൃഷ്ടി മെച്ചപ്പെടുത്താൻ ഉൾക്കാഴ്ച നൽകുന്ന അഭിപ്രായങ്ങളാണ് വേണ്ടത്.

റിവ്യൂ എന്ന പേരിൽ സിനിമയുടെ കഥ മുഴുവൻ പറയരുത്.

വസ്തുതകൾ കൃത്യമായിരിക്കണം, പ്രേക്ഷകരെ വഴി തെറ്റിക്കും വിധം അഭിപ്രായം പറയരുത്.

റിവ്യൂകൾ സിനിമയെ ബാധിക്കുമെന്ന ബോധവും നിയമപരവും ധാർമികവുമായ നിലവാരം കാത്തുസൂക്ഷിക്കണം.

അവതരണത്തിൽ പ്രഫഷണലിസം ഉണ്ടാകണം.

തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങൾ ഉൾപ്പെടെ സംബന്ധിച്ചുള്ള കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോററ്റിയുടെ മാർഗനിർദേശങ്ങൾ പാലിക്കണം