കേരളത്തിലെ വവ്വാലുകളിൽ വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം

0
185

കേരളത്തിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരികരച്ച് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠന റിപ്പോർട്ട്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി വവ്വാലുകളിലാണ് നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ മേഖലകളിൽ നിന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി, ജൂലയ്, സെപ്റ്റംബർ മാസങ്ങളിൽ ശേഖരിച്ച വവ്വാലുകളുടെ സ്രവത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

272 വവ്വാലുകളുടെ സ്രവങ്ങൾ പരിശോധനക്ക് വിധേയമാക്കിയതിൽ 20.9 ശതമാനത്തിൽ നിപ വൈറസിന്റെ ആന്റി ബോഡി സാന്നിധ്യമുണ്ടായിരുന്നു. നേരത്തെ കേരളത്തിൽ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതക സാമ്യമുള്ള വൈറസിനെയാണ് തിരിച്ചറിഞ്ഞത്. 44 വവ്വാലുകളിൽ കരൾ, പ്ലീഹ എന്നിവയിലും പഠനം നടത്തി. ഇതിൽ, 4 വവ്വാലുകളിൽ വൈറസ് സാനിധ്യം തിരിച്ചറിഞ്ഞു.

മാർച്ച് 5ന്, ഫ്രണ്ടിയർ ഇന്റർനാഷനൽ മാഗസിനിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യരിലേക്ക് വൈറസ് പകരുന്നത് ഏതുവിധേനെയാണെന്ന് കൂടുതൽ മനസിലാക്കുന്നതിനായി തുടർപഠനം ആവശ്യമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ എല്ലാ ഭഗങ്ങളിൽ നിന്നും വവ്വാലുകളിലെ സ്രവം ശേഖരിച്ച് പഠനം നടത്താറുണ്ട്.