പോൾ മുത്തൂറ്റ് വധക്കേസ് കാരി സതീഷിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

0
168

പോൾ മുത്തൂറ്റ് വധക്കേസിൽ രണ്ടാം പ്രതിയുടെ ശിക്ഷ ശെരിവെച്ച് ഹൈക്കോടതി. കേസിലെ രണ്ടാം പ്രതി കാരി സതീഷ് എന്നറിയപ്പെടുന്ന സതീഷ്കുമാറിന്റെ വിധിയാണ് ഹൈക്കോടതി ശെരിവെച്ചത്. കേസിൽ നേരത്തെ തന്നെ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ശിക്ഷ നിലനിൽക്കുന്നതാണെന്നും, ഇളവിന് അർഹനല്ല എന്നും വ്യക്തമാക്കി. സി ബി ഐ അന്വേഷിച്ച കേസിൽ കൃത്യമായ തെളിവുകളോടെയാണ് പ്രതികളെ പിടികൂടിയതും നിയമനടപടിയിലേക്ക് എത്തിച്ചതും.

സി ബി ഐക്കുവേണ്ടി അഡ്വ. ഡോ. കെ പി സതീശൻ, അഡ്വ. ഗോകുൽ ഡി സുധാകരൻ എന്നിവർ ഹാജരായി. കേസിൽ രണ്ടാം പ്രതി കുറ്റം ചെയ്തതായി ഇതിനോടകം തെളിഞ്ഞ സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകേണ്ട സാഹചര്യമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. രണ്ടാം പ്രതിയായ സതീഷ് പോളിനെ കുത്തിയതിനും, കുറ്റങ്ങൾ ചെയ്തതിനും തെളിവുകളും സാക്ഷികളുമുണ്ടെന്ന് കോടതി വ്യക്തമാക്കി. 75 ഓളം സാക്ഷികളെയും വിസ്തരിച്ചാണ് കോടതി വിധി പറഞ്ഞത്.

ഐ പി സി 326 വകുപ്പ് പ്രകാരം പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുള്ളതാണ് എന്നും, ആയതിനാൽ മറ്റു നിയമങ്ങളുടെയോ, കുറ്റങ്ങളുടെയോ ശിക്ഷ നിലനിൽക്കുന്നുണ്ട് എന്ന കാരണത്താൽ ഈ ഗുരുതരമായ കുറ്റകൃത്യത്തിന് ലഭിച്ച ശിക്ഷ ഇളവ് ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ ശിക്ഷ ഇളവ് ചെയ്യുന്നത് കുറ്റകൃത്യങ്ങൾക്ക് പിന്തുണ നൽകുന്ന നടപടിയാകുമെന്നും, മാതൃകാപരമായി നൽകിയ ശിക്ഷ നിലനിർത്തണമെന്നും സിബിഐക്കുവേണ്ടി ഹാജരായ അഡ്വ. കെ പി സതീശൻ, അഡ്വ. ഗോകുൽ എന്നിവർ വാദിച്ചു. ജീവപര്യന്തം തടവുശിക്ഷ നിലനിൽക്കുമെന്നും, ഹർജി തള്ളുകയാണെന്നും കോടതി വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി.