ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ചീഫ് ഇലക്ടറൽ ഓഫീസർ

0
170

ബേപ്പൂരിൽ ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ് കണ്ടെത്തി. തുടർന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശം നൽകി. ഒരു ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ ആർ ഒ), ഒരു ബൂത്ത് ലെവൽ ഓഫീസർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

നിലവിൽ വോട്ടർ ഐഡി കാർഡുള്ള ബേപ്പൂർ സ്വദേശിയായ ഷാഹിർ ഷാഹുൽ ഹമീദ് എന്നയാളാണ് രണ്ട് തവണ കൂടി അപേക്ഷ സമർപ്പിക്കുകയും (2023 സെപ്റ്റംബർ 23 നും ഡിസംബർ ഒന്നിനും) വോട്ടർ ഐഡി കാർഡ് കൈപ്പറ്റുകയും ചെയ്തത്. ആദ്യതവണ ആധാറും രണ്ടാം തവണ പാസ്‌പോർട്ടും ആണ് അപേക്ഷയ്‌ക്കൊപ്പമുള്ള തിരിച്ചറിയൽ രേഖയായി ഇയാൾ സമർപ്പിച്ചത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന് അപേക്ഷയിലെ സത്യപ്രസ്താവനയിലും രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച് അംഗീകരിക്കാവുന്നതാണെന്ന് ശിപാർശ ചെയ്ത ബൂത്ത് ലെവൽ ഓഫീസറയും ഇലക്ടറൽ രജിസ്റ്റർ ഓഫീസറെയുമാണ് ജന പ്രാതിനിധ്യ നിയമം 1950ലെ വ്യവസ്ഥകൾ പ്രകാരം സസ്‌പെൻഡ് ചെയ്തത്.

ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഇവർക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുതൽ 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വോട്ടർ ഐഡി കാർഡ് കൈവശപ്പെടുത്തിയ ആൾക്കെതിരെ ജന പ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുക്കും. ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കോഴിക്കോട് കളക്ടർക്ക് ഇത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

കരട് വോട്ടർ പട്ടിക തയ്യാറാക്കിയ ശേഷം സമാനമായ രീതിയിൽ തെറ്റായ അപേക്ഷ സമർപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇആർഒമാരും ബിഎൽഒമാരും മുഖാന്തരം കർശന പരിശോധന നടത്താൻ എല്ലാ ജില്ലാ കളക്ടർ മാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.