ഇലക്ടറൽ ബോണ്ട് വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി എസ്ബിഐ

0
182

ഇലക്ടറൽ ബോണ്ട് വിവരങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി എസ്ബിഐ. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചാണ് നടപടി. ഇന്ന് 5.30 വരെ ആയിരുന്നു വിവരങ്ങൾ കൈമാറാൻ സുപ്രീംകോടതി എസ്ബിഐക്ക് അനുവദിച്ച സമയം. 5.30ന് തന്നെ എസ് ബി ഐ വിവരങ്ങൾ കൈമാറുകയായിരുന്നു.

ജൂൺ 30വരെ എസ്.ബി.ഐ സുപ്രീം കോടതിയോട് സാവകാശം ചോദിച്ചെങ്കിലും കോടതി ഹർജി തള്ളി. അതുപ്രകാരമാണ് എസ്.ബി.ഐ വിവരങ്ങൾ ഇന്ന് തന്നെ നൽകിയത്. കോടതി വിധിവന്നിട്ട് 26 ദിവസമായിട്ടും എസ്.ബി.ഐ എന്ത് നടപടിയെടുത്തെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചിരുന്നു.

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സുപ്രീംകോടതിയിൽ സീൽ ചെയ്ത കവറിൽ മാത്രം സമർപ്പിച്ചിരുന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങളും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും.

ഇലക്ടറൽ ബോണ്ട് കേസിൽ നരേന്ദ്രമോദിയുടെ ഡൊണേഷൻ ബിസിനസ് ഉടൻ പുറത്തുവരുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ് ഇലക്ടറൽ ബോണ്ട് സംവിധാനമെന്നും രാഹുൽ എക്സിൽ കുറിച്ചു.