വിവാദമായ പൗരത്വ നിയമ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നു. അസമിലെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടത്തും സിഎഎ പകർപ്പ് കത്തിച്ചു.
അക്രമങ്ങളോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്താൽ കടുത്ത നടപടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഹർത്താൽ ആഹ്വാനം നൽകിയ രാഷ്ട്രീയപാർട്ടികൾക്ക് അസം പൊലീസ് നോട്ടീസ് നൽകി. റെയിൽവേ, ദേശീയ പാത തുടങ്ങി പൊതു, സ്വകാര്യ വസ്തുക്കൾക്ക് നാശനഷ്ടമോ, വ്യക്തികൾക്ക് നേരെ അക്രമോ ഉണ്ടായാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.