സിഎഎ നടപ്പാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി തമിഴ് നടൻ വിജയ്

0
201

2019ലെ പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കിയതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം തലവനുമായ (ടിവികെ) വിജയ്. സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിജയ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും വിജയ് വിമർശിച്ചു.

തമിഴ്‌നാട്ടിൽ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകർക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും വിജയ് ആഞ്ഞടിച്ചു.

രാജ്യത്തെ എല്ലാ പൗരന്മാരും സാമൂഹിക സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം 2019 (സിഎഎ) പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശിച്ചു. ഇത്രയും കാലം സി എ എ ഫ്രീസറിൽ വച്ചതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭം മാത്രം മുന്നിൽ കണ്ടാണ് ഇത് പുറത്തെടുത്തത്. മുങ്ങുന്ന കപ്പലിനെ താങ്ങി നിർത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. മതവികാരം ഉണർത്തി തെരഞ്ഞെടുപ്പിൽ ലാഭം കൊയ്യാൻ ബിജെപി ശ്രമിക്കുന്നുവെന്നും എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി.

അതിനിടെ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ ധ്രുവീകരണമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് വിമർശിച്ചു. നിയമ ഭേദഗതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. പൗരത്വ ഭേദഗതി നിയമം കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.