KSRTC ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പിരിച്ചു വിട്ടു

0
138

ചടയമംഗലത് ഒരുവർഷം മുമ്പ് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ. ബിനുവിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഗുരുതര വീഴ്ചയാണ് അപകടത്തിനും വിദ്യാർഥികളുടെ മരണത്തിനു മിടയാക്കിയതെന്ന വിജിലൻസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവിന് തുടർന്നാണ് നടപടി.

കഴിഞ്ഞവർഷം ഫെബ്രുവരി 28-ന് രാവിലെ 7.40-ന് എം.സി. റോഡിലായിരുന്നു അപകടം. ബൈക്ക് യാത്രികരായിരുന്ന തലയാംകുളം വിഘ്നേശ്വരത്തിൽ ശിക (19), സുഹൃത്ത് കക്കോട് അഭിരഞ്ജത്തിൽ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. കിളിമാനൂർ തട്ടത്തുമല വിദ്യ എൻജിനീയറിങ് കോളേജിലേക്ക് ബൈക്കിൽ പോകുന്നതിനിടെയിരുന്നു ഇരുവരും അപകടത്തിൽപ്പെട്ടത്. ബിനു ഓടിച്ചിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൽ തട്ടുകയായിരുന്നു. ബിനുവിനെ പ്രതിചേർത്ത് ചടയമംഗലം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് ഒന്നിന് ബിനുവിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് കൊല്ലം യൂണിറ്റ് ഓഫീസർ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ബിനുവിനെ സർവീസിൽനിന്ന് നീക്കിയത്. ബിനു നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അപകടകരമാംവിധം ബസ് ബൈക്കിനെ മറികടന്നതാണ് അപകടമുണ്ടാക്കിയതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈക്ക് യാത്രക്കാരെ ജാഗ്രതയോടെ വീക്ഷിച്ച് വേഗം കുറച്ച് കൃത്യമായ അകലം പാലിച്ച് ബസ് ഓടിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നും ഉത്തരവിൽ പറയുന്നു.