സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി; തീരുമാനം കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച്

0
145

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണം അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി. സിദ്ധാർത്ഥന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണെന്ന് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു.

പൊലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ കേസ് സിബിഐക്ക് വിടണം എന്ന സിദ്ധാർത്ഥിന്റെ കുടുംബത്തിന്റ ആവശ്യം പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

സിബിഐ അന്വേഷത്തിന് മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ പറഞ്ഞു. നിവേദനം മുഖ്യമന്ത്രി വിശദമായി വായിച്ചുനോക്കിയതിനു ശേഷമാണ് കേസ് സി ബി ഐക്ക് വിടാം എന്ന ഉറപ്പ് നൽകിയതെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് അന്വേഷണത്തിലും മുഖ്യമന്ത്രിയിലും തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തു അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.