‘കോൺഗ്രസിൽ താൻ സന്തോഷവതിയായിരുന്നില്ല, പിതാവും അസംതൃപ്തൻ’ ; ബിജെപിയിൽ ചേർന്ന ശേഷം വെളിപ്പെടുത്തലുമായി പത്മജ വേണുഗോപാൽ

കുറേ കാലമായി കോൺഗ്രസിൽ അവഗണന നേരിടുന്നു. പലതവണ പരാതി നൽകിയതാണ്.

0
135

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പത്മജ വേണു​ഗോപാൽ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അം​ഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ സന്തോഷവതിയായിരുന്നില്ല എന്നാണ് പത്മജ പറഞ്ഞത്. കോൺഗ്രസിൽ താൻ നിരവധി അവഗണന നേരിട്ടു. ഇന്ന് കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല എന്നും പത്മജ പറഞ്ഞു. തന്റെ പിതാവും കോൺഗ്രസ്സിനോട് അസംതൃപ്തൻ ആയിരുന്നുവെന്ന് പത്മജ വെളിപ്പെടുത്തി.

കുറേ കാലമായി കോൺഗ്രസിൽ അവഗണന നേരിടുന്നു. പലതവണ പരാതി നൽകിയതാണ്. തന്റെ പരാതികൾക്ക് നേതൃത്വത്തിൽ നിന്നും പ്രതികരണം ലഭിച്ചില്ലെന്നും തന്നെ ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കൽ താൻ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.

അതേസമയം മോദി ശക്തനായ നേതാവാണെന്നും മോദിയുടെ പ്രവർത്തനത്തിൽ താൻ ആകൃഷ്ടയാണെന്നുമാണ് പത്മജ പറഞ്ഞിരിക്കുന്നത്. മോദിജിയുടെ കഴിവും നേതൃപാഠവവും എന്നും എന്നെ ആകർഷിച്ചിരുന്നു. അച്ഛൻ മരിച്ചപ്പോഴും ഞാൻ പാർട്ടി വിട്ടിരുന്നില്ല. മോദിജി കരുത്തനായ നേതാവാണെന്ന ഒറ്റ കാരണത്താലാണ് താൻ BJPയിൽ എത്തിയതെന്നും അവർ പറഞ്ഞു.