വിവാഹത്തിന് മണിക്കൂറുകൾ മാത്രം ; ജിം ട്രെയിനര്‍ കൊല്ലപ്പെട്ടത് ക്രൂരമായി, പിതാവ് ഒളിവില്‍

ഇയാളുടെ മുഖത്തും നെഞ്ചിലും 15 തവണ കുത്തേറ്റിട്ടുണ്ട്. ഗൗരവിനെ കൊലപ്പെടുത്തിയത് പിതാവാണെന്നാണ് പ്രാഥമിക നിഗമനം

0
211

ദില്ലി: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുൻപ് ജിം ട്രെയിനര്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. തെക്കൻ ദില്ലിയിലെ വീട്ടിൽ വെച്ചാണ് 29 കാരനായ ജിം പരിശീലകന്‍ കൂടിയായ ഗൗരവ് സിംഗല്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തും നെഞ്ചിലും 15 തവണ കുത്തേറ്റിട്ടുണ്ട്. ഗൗരവിനെ കൊലപ്പെടുത്തിയത് പിതാവാണെന്നാണ് പ്രാഥമിക നിഗമനം. പിതാവ് ഇപ്പോൾ ഒളിവിലാണ്. ഇന്നലെയാണ് യുവാവിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. വീടിനു പുറത്ത് ഡോല്‍ കൊട്ട് നടക്കുന്നതിനാല്‍ യാതൊരു വിധത്തിലുള്ള ശബ്ദങ്ങളും പുറത്തുകേട്ടില്ലെന്നാണ് എല്ലാവരും പറയുന്നതും.

ദക്ഷിണ ദില്ലിയിലെ ദേവ്‌ലി എക്‌സ്റ്റന്‍ഷനിലാണ് സംഭവം നടന്നത്. അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുവാവും പിതാവും തമ്മില്‍ വാക്കുതര്‍ക്കം നടന്നിട്ടുണ്ട്. ആക്രമത്തിന് പിന്നാലെ ഗൗരവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ​ഗൗരവിന്റെ പിതാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സിസിടിവി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അഞ്ച് സംഘങ്ങളായി കേസ് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഗൗരവിന്റെ ബന്ധുവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാധ്യമാകുന്ന എല്ലാ വഴികളിലൂടെയും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കുടുബത്തിലുള്ള ആരും ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്നാണ് ഗൗരവിന്റെ ബന്ധുക്കള്‍ പറയുന്നത്.