പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി

കുട്ടിയുടെ വായ പൊത്തിപിടിച്ച് റെയിൽവേ ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിൻ വന്നു. ട്രാക്കിന് സമീപത്തെ പൊന്തക്കാട്ടിലേക്ക് ചാടി.

0
123

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനേയും എടുത്ത് ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിൻ വന്നപ്പോഴാണ് പൊന്തക്കാട്ടിലേക്ക് എടുത്ത് ചാടിയതെന്നാണ് പ്രതി ഹസൻകുട്ടിയുടെ മൊഴി. വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞില്ല. കുഞ്ഞിനെ തട്ടികൊണ്ടുപോയ സമയത്ത് ഹസ്സൻ കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളും കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി അലഞ്ഞ് നടക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ മേഖലയിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കണ്ടത്. സഹോദരങ്ങൾക്കിടയിൽ നിന്ന് കുഞ്ഞിനെ എടുത്ത് മുന്നോട്ടുപോകുമ്പോള്‍ തന്നെ കുട്ടി കരഞ്ഞു. കുട്ടിയുടെ വായ പൊത്തിപിടിച്ച് റെയിൽവേ ട്രാക്കിലൂടെ ഓടുന്നതിനിടെ ട്രെയിൻ വന്നു. ട്രാക്കിന് സമീപത്തെ പൊന്തക്കാട്ടിലേക്ക് ചാടി. ഇതിനുശേഷം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും കുട്ടിയ്ക്ക് ബോധം നഷ്ടമായെന്ന് തോന്നിയപ്പോഴാണ് അവിടെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നുമാണ് പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞത്. അഞ്ചടി താഴ്ചയുള്ള പൊന്തക്കാട്ടിൽ നിന്നും കണ്ടെത്തിയ കുട്ടിക്ക് പരിക്കുകളുണ്ടായിരുന്നില്ല. ഹസൻകുട്ടിയുടെ കൈകളിൽ ഇരുന്നത് കൊണ്ടാണ് കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.

സംഭവശേഷം തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്കും അവിടെ നിന്ന് പഴനിയിലേക്കും പോയെന്നാണ് ഹസൻകുട്ടിയുടെ മൊഴി. രണ്ടിടത്തും നേരിട്ടെത്തിച്ച് പൊലീസ് തെളിവെടുക്കും. തമ്പാനൂരിലെത്തിയാണ് ഹസൻകുട്ടി രക്ഷപ്പെട്ടത്. ഈ വഴിയിലൂടനീളം പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സിഡബ്ല്യൂസിയുടെ സംരക്ഷണയിലായിരുന്ന രണ്ട് വയസ്സുകാരിയെയും മൂന്ന് സഹോദരങ്ങളെയും രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒരാഴ്ചത്തേക്കാണ് ഹസൻകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടയത്.