ശബരി കെ-റൈസ് വിതരണം 12 മുതല്‍ ; വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് നിർവഹിക്കും

ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി അറിയിച്ചു.

0
154

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കെ റൈസ് ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണം 12-ാം തീയതി മുതല്‍ ആരംഭിക്കും. സപ്ലൈകോ സബ്സിഡിയായി നൽകുന്ന 10 കിലോ അരി വിതരണവും തുടരും. പദ്ധതിയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 12ന് തിരുവനന്തപുരത്ത് നിർവഹിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് വിപണിയിലെത്തുന്നത്. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുകയെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം ഭാഗത്ത് ജയ അരിയും കോട്ടയം എറണാകുളം മേഖലയിൽ മട്ടയും പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവയും നൽകും. 13-14 രൂപയുടെ തുണി സഞ്ചിയിലായിരിക്കും അരി വിതരണം. സഞ്ചിയുടെ ചെലവ് 10 ലക്ഷത്തിൽ താഴെയാണ്. ഈ തുക സപ്ലൈകോയുടെ പ്രൊമോഷൻ, പരസ്യ ബഡ്ജറ്റിൽ നിന്ന് കണ്ടെത്തും. സപ്ലൈകോയിൽ അടുത്താഴ്ച എല്ലാം സബ്സിഡി സാധനങ്ങളുമെത്തിക്കും. ചെറുപയർ,​ ഉഴുന്ന്,​ മുളക് അടക്കമുള്ളവ ഗോഡൗണുകളിലെത്തിയെന്നും മന്ത്രി അറിയിച്ചു.

സപ്ലൈകോ സബ്സിഡിയായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കിയിരുന്ന അരിയുടെ ഭാഗമായാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നത്. റേഷന്‍ കാര്‍ഡ് ഒന്നിന് മാസം തോറും അഞ്ച് കിലോ അരി വീതം നല്‍കും. ഇതോടൊപ്പം സപ്ലൈകോയില്‍ നിന്ന് സബ്സിഡി നിരക്കില്‍ ലഭിക്കുന്ന മറ്റ് അരികള്‍ കാര്‍ഡ് ഒന്നിന് അഞ്ച് കിലോ വീതം വാങ്ങാമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളത്.

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന അതേ അരിയാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത്. ഭാരത് അരിയുടെ വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വില്‍ക്കുന്നത്. എന്നാല്‍, 9.50 രൂപ മുതല്‍ 11.11 രൂപ വരെ ബാധ്യത ഏറ്റെടുത്താണ് ശബരി കെ റൈസ് സംസ്ഥാന സര്‍ക്കാര്‍ പൊതുജനത്തിനു നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.