പരീക്ഷാത്തീയതിയും അഡ്മിറ്റ് കാർഡും പ്രസിദ്ധീകരികച്ചു, പക്ഷെ പരീക്ഷ നടത്താൻ മറന്ന് റാണി ദുർഗാവതി യൂണിവേഴ്സിറ്റി

0
165

പരീക്ഷാത്തീയതി പ്രഖ്യാപിച്ച് അഡ്മിറ്റ് കാർഡും വിതരണം ചെയ്തശേഷം പരീക്ഷ നടത്താതെ മധ്യപ്രദേശിലെ ജബൽപുർ റാണി ദുർഗാവതി സർവകലാശാല. എംഎസ്‌സി കംപ്യൂട്ടർ സയൻസിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നടത്താനാണ് വിട്ടുപോയത്. മാർച്ച് അഞ്ചിനായിരുന്നു പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. ആശയക്കുഴപ്പമുണ്ടാക്കിയതിൽ പ്രതിഷേധിച്ച വിദ്യാർഥികൾ വൈസ് ചാൻസലർ ഡോ. രാജേഷ് വർമയോട് വിശദീകരണം തേടി.

സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാല പരീക്ഷാ തീയതി പ്രഖ്യാപിക്കുകയും വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ് വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പരീക്ഷ നടത്തിയില്ല. ജബൽപുരിന് സമീപമുള്ള മറ്റുജില്ലകളിൽ നിന്നും പരീക്ഷയെഴുതാൻ വിദ്യാർഥികൾ അതിരാവിലെ സർവകലാശാലയിൽ എത്തിയിരുന്നു. എന്നാൽ, പരീക്ഷയ്ക്കായി രാവിലെ എത്തിയപ്പോഴാണ് പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പുകളൊന്നും സർവകലാശാല നടത്തിയില്ലെന്ന് മനസ്സിലാക്കിയത്.

പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ പോലും സർവകലാശാല തയ്യാറാക്കിയിരുന്നില്ല. എംഎസ്‌സി കെമിസ്ട്രി മൂന്നാം സെമസ്റ്റർ, കംപ്യൂട്ടർ സയൻസ് ഒന്നാം സെമസ്റ്റർ, കംപ്യൂട്ടർ സയൻസ് മൂന്നാം സെമസ്റ്റർ എന്നീ വിഷയങ്ങളുടെ പരീക്ഷ നടത്താനുള്ള ടൈംടേബിൾ ഫെബ്രുവരി 14-ന് സർവകലാശാല പുറത്തുവിട്ടിരുന്നു. ഈ മൂന്ന് കോഴ്‌സുകളുടെയും പരീക്ഷകൾ ഫെബ്രുവരി 21 മുതൽ മാർച്ച് 13 വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ 11 മണി വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.പരീക്ഷ റദ്ദാക്കിയിരുന്നെങ്കിൽ അക്കാര്യവും തങ്ങളെ അറിയിച്ചില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.

അതിനിടെ എംഎസ്‌സി പരീക്ഷയുടെ പുതുക്കിയ തീയതി സർവകലാശാല വൈസ് ചാൻസലർ പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടു. ആശയക്കുഴപ്പമുണ്ടാക്കിയതിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്നവരോട് മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനും വൈസ് ചാൻസലർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഡിടിവിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചോദ്യപേപ്പറിലെ പിശക് കാരണം എംഎസ് സി കംപ്യൂട്ടർ സയൻസ് ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്ക് ചൊവ്വാഴ്ച പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് സർവകലാശാല രജിസ്ട്രാൻ ദീപേഷ് മിശ്ര വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.