മാർച്ച് 8ന് വേറിട്ട പരിപാടികളുമായി കുടുംബശ്രീയുടെ വനിതാദിനാഘോഷം

0
223

കരാട്ടേ പരിശീലകർ മുതൽ വിവിധ സേവനങ്ങൾക്കായി സജ്ജമാക്കുന്ന പ്രൊഫഷണൽ ടീം അംഗങ്ങൾ വരെ അണിനിരക്കുന്ന വേറിട്ട പരിപാടികളുമായി കുടുംബശ്രീയുടെ വനിതാദിനാഘോഷം മാർച്ച് 8ന് തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെൻററിൽ അരങ്ങേറും. വനിതാദിനാഘോഷവും നഗരങ്ങളിൽ വിവിധ സേവനങ്ങൾക്കായി കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവി’ൻറെയും ഉദ്ഘാടനവും ‘രചന’ സമാപന പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

രാവിലെ ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന സെഷനിൽ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് രംഗശ്രീ പ്രവർത്തകരും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കലാപ്രകടനം വേദിയിൽ അരങ്ങേറും. പത്തു മണിക്ക് കുടുംബശ്രീയുടെ ‘ധീരം’ കരാട്ടെ പരിശീലന പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നേടിയ മാസ്റ്റർ പരിശീലകരുടെ കരാട്ടെ പ്രദർശനവും നടത്തും. സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്, ജെൻഡർ റിസോഴ്‌സ് സെൻറർ ഗുണഭോക്താക്കൾ പ്രവർത്തന മേഖലയിലെ അനുഭവങ്ങൾ പങ്ക്വയ്ക്കും.

11 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ ‘ക്വിക്ക് സെർവ്’ ടീം ഉദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും. മികച്ച പ്രവർത്തനം കാഴ്ച വച്ച ജെൻഡർ റിസോഴ്‌സ് സെൻറർ, ‘സ്‌നേഹിത’ എന്നിവയ്ക്കുള്ള അവാർഡ് വിതരണം ഡോ. ശശി തരൂർ എം.പി നിർവഹിക്കും. ജെൻഡർ പോയിൻറ് പേഴ്‌സൺമാർക്കുള്ള ഐ.ഡി കാർഡ് വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ്, ചലച്ചിത്രതാരം ഷൈലജ പി. അമ്പു, എഴുത്തുകാരി വിജയരാജമല്ലിക എന്നിവർ വിശിഷ്ടാതിഥികളാകും.

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി കെ. മുഹമ്മദ് വൈ. സഫീറുള്ള, കുടുംബശ്രീ ഗവേണിംഗ്‌ ബോഡി അംഗങ്ങളായ ഗീത നസീർ, സ്മിത സുന്ദരേശൻ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ക്ലൈനസ് റൊസാരിയോ. എൽ, വാർഡ് കൗൺസിലർ രാഖി രവികുമാർ, കോർപ്പറേഷൻ സി.ഡി.എസ്1,2,3,4 സി.ഡി.എസുകളിലെ അധ്യക്ഷമാരായ സിന്ധു ശശി, വിനീത. പി, ഷൈന. എ, ബീന. പി എന്നിവർ ആശംസകൾ അർപ്പിക്കും. കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു നന്ദി പറയും.

12.30ന് ‘ലിംഗാധിഷ്ഠിത അതിക്രമവുമായി ബന്ധപ്പെട്ട ഇടപെടലുകളും വെല്ലുവിളികളും’, എന്ന വിഷയത്തിൽ വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ നടക്കും. ഉച്ചക്ക് 2.15ന് ‘മാനസിക ആരോഗ്യം-നൂതന പ്രവണതകൾ, വെല്ലുവിളികൾ, പരിഹാര മാർഗ്ഗങ്ങൾ’ എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ധൻ ഡോ.അരുൺ.ബി.നായർ പ്രഭാഷണം നടത്തും.