നവജാത ശിശുവിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

0
109

നവജാത ശിശുവിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവാണിയൂര്‍ പഴുക്കാമറ്റം വീട്ടില്‍ ശാലിനിയെയാണ് ശിക്ഷിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് (സ്ത്രീകളുടെയും കുട്ടികളുടെയും) കോടതി ജഡ്ജി കെ സോമനാണ് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചത്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന കാലത്ത് ഗര്‍ഭിണിയായ യുവതി പ്രസവശേഷം കുട്ടിയെ ഷര്‍ട്ടില്‍ പൊതിഞ്ഞ് കല്ലുകെട്ടി പാറമടയില്‍ എറിയുകയായിരുന്നു. പ്രസവശേഷം വീട്ടില്‍ അവശനിലയില്‍ കിടന്ന ശാലിനിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും വിവരങ്ങള്‍ കിട്ടിയതനുസരിച്ച് പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയായിരുന്നു.

അന്വേഷണത്തിനോടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. യുവതി കുട്ടിയെ പ്രസവിച്ച ശേഷം എവിടെയോ ഉപേക്ഷിച്ചു എന്ന് കണക്കാക്കിയാണ് സുമോട്ടോ ആയി അന്നത്തെ ഇന്‍സ്‌പെക്ടറായ യു. രാജീവ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രസവത്തെ തുടര്‍ന്ന് കുഞ്ഞിനെ പ്രതി തന്നെ കല്ലുകെട്ടിവെച്ച് മൂന്ന് ഷര്‍ട്ടുകളിലായി പൊതിഞ്ഞ് തൊട്ടടുത്ത പാറമടയില്‍ കൊണ്ടുപോയി എറിയുകയായിരുന്നുവെന്ന് തെളിഞ്ഞത്.

ഇന്‍സ്‌പെക്ടര്‍മാരായ മഞ്ജുദാസ്, ടി. ദിലീഷ്, എസ്. ഐമാരായ സനീഷ്, ശശീധരന്‍, പ്രവീണ്‍ കുമാര്‍, സുരേഷ് കുമാര്‍, ജോയി, മനോജ് കുമാര്‍ സീനിയര്‍ സി. പി. ഒമാരായ ബി. ചന്ദ്രബോസ്, യോഹന്നാന്‍ എബ്രഹാം, മിനി അഗസറ്റില്‍, സുജാത, മേഘ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കേസില്‍ 47 പേര്‍ സാക്ഷികളായി. പ്രോസിക്യൂഷന് വേണ്ടി പി. എ. ബിന്ദു, സരുണ്‍ മാങ്കര എന്നിവര്‍ ഹാജരായി.