വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സാരംഗിന്റെ കൈകൾ മരണാനന്തര അവയവദാനത്തിലൂടെ സ്വീകരിച്ച പറവൂർ സ്വദേശി ഷിഫിന് സാരംഗിന്റെ മാതാപിതാക്കൾ പിറന്നാൾ സമ്മാനം നൽകി.
സാരംഗിന്റെ പതിനേഴാം പിറന്നാളിന് അവനു ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളാണ് മാതാപിതാക്കൾ സമ്മാനമായി കൊണ്ട് വന്നത്. മറ്റൊരു ശരീരത്തിലൂടെ സാരംഗിന്റെ കൈകൾ അത് ഏറ്റുവാങ്ങി. നിറകണ്ണുകളിലൂടെയാണ് ഷിഫിൻ ആ സമ്മാനം ഏറ്റുവാങ്ങിയത്. ശേഷം പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾക്ക് നൽകി.
തനിക്ക് പുതുജീവിതം സമ്മാനിച്ച സാരംഗിന്റെ ഫോട്ടോ അതെ കൈകളിൽ പിടിച്ചു നിൽക്കുന്ന ഫോട്ടോ ഷിഫിൻ മാതാപിതാക്കൾക്ക് സമ്മാനിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ഷിഫിനെ ആദ്യമായി കാണാൻ കാണാനെത്തിയതായിരുന്നു സാംരംഗിന്റെ കുടുംബം. സ്‌പീക്കർ എ എൻ ഷംസീർ ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ മേയ് 17ന് ആണ് ബി.ആർ.സാരംഗ് വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് മസ്തിഷ്കമരണം സ്ഥിതീകരിച്ചു. സാരംഗിന്റെ അവയവങ്ങൾ 6 പേർക്കാണു പുതുജീവിതം നൽകിയത്. കൊച്ചി അമൃത ആശുപത്രിയിൽ ഡോ. സുബ്രഹ്‌മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണു സാരംഗിന്റെ കൈകൾ ഷിഫിന്റെ ശരീരത്തിൽ തുന്നിച്ചേർത്തത്. പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായ ഷിഫിന് 2020 ഫെബ്രുവരിയിൽ കമ്പനിയിലുണ്ടായ അപകടത്തിലാണു കൈകൾ നഷ്ടമായത്. ശസ്ത്രക്രിയയ്ക്കുള്ള പണം അപ്പോളോ മാനേജ്മെന്റും സഹപ്രവർത്തകരും ചേർന്നാണു ലഭ്യമാക്കിയത്.