ഇസ്രയേലിൽ മിസൈൽ ആക്രമണം; കൊല്ലം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു

ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്

0
205

ജറുസലേം: വടക്കൻ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്വല്ലാണ് മരിച്ചത്. 31 വയസായിരുന്നു. ഇസ്രയേലിൽ ജോലി തേടി പോയതാണ് നിബിൻ. രണ്ട് മാസം മുമ്പാണ് നിബിൻ ഇസ്രയേലിലേക്ക് പോയത്. കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകനാണ് നിബിൻ.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്. നിബിനൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരുക്കേറ്റ മലയാളികൾ. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച് വിവരം കിട്ടിയത്. അഞ്ചു വയസുള്ള മകൾ ഉണ്ട്. നിബിന്‍റെ ഭാര്യ ഏഴു മാസം ഗർഭിണിയാണ്.

നിബിന്റെ മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോർട്ട്. നിബിന്റെ സഹോദരൻ നിവിനും ഇസ്രയേലിലാണ്.