നേർച്ചക്ക് എത്തിച്ച ആന ലോറിയിൽ നിന്നും ഇറങ്ങിയോടി; ഒരാളെ ആക്രമിച്ചു, രണ്ടു പശുക്കളെയും ഒരാടിനെയും ചവിട്ടിക്കൊന്നു

ആനയെ ഇതുവരെ തളയ്‌ക്കാനായിട്ടില്ല. ആനയെ വൈകാതെ തന്നെ വരുതിയിലാക്കാമെന്നാണ് പാപ്പാന്മാരടക്കം കണക്കുകൂട്ടുന്നതെന്നാണ് വിവരം.

0
100

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ നേർച്ചക്ക് എത്തിച്ച ആന ലോറിയിൽ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പാലക്കാട് അമ്പാട്ടെ വീട്ടുമുറ്റത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. പാപ്പാന്മാർ സ്ഥലത്തുണ്ടെങ്കിലും ആന ഇവരെ അനുസരിക്കുന്നില്ല എന്നാണ് വിവരം. ആനയെ ഇതുവരെ തളയ്‌ക്കാനായിട്ടില്ല. ആനയെ വൈകാതെ തന്നെ വരുതിയിലാക്കാമെന്നാണ് പാപ്പാന്മാരടക്കം കണക്കുകൂട്ടുന്നതെന്നാണ് വിവരം.

ഇന്ന് പുലർച്ചെ നാല് മണിയോടെ പാലക്കാട് വടക്കുമുറിയ്ക്ക് സമീപത്തുവച്ചായിരുന്നു സംഭവം. താമരശേരി സ്വദേശിയുടെ മുത്തു എന്ന ആനയാണ് ഇത്തരത്തിൽ ലോറിയിൽ നിന്നും പുറത്തുചാടിയത്. ഇറങ്ങിയോടുന്ന സമയത്ത് ഒരു തമിഴ്‌നാട് സ്വദേശിയെ ആന ചവിട്ടിയതായി വിവരം ലഭ്യമായിട്ടുണ്ട്. ഒപ്പം രണ്ട് പശുക്കളെയും ഒരു ആടിനെയും ആന ചവിട്ടിക്കൊന്നു. ഇതൊനൊപ്പം ഒരു വീടും കടയും ആന തകർത്തു. പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വടക്കുമുറിയ്‌ക്ക് സമീപം ലോറി നിർത്തി പാപ്പാന്മാർ ഉറങ്ങാനായി കിടക്കുകയും ഡ്രൈവർ ചായ കുടിക്കാനായി പുറത്തിറങ്ങുകയും ചെയ്‌ത സമയത്താണ് പ്രത്യേകം ബന്ദവസില്ലാതിരുന്ന ആന പുറത്തുകടന്നത്.