തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകൾക്കും ഇന്ന് തുടക്കമാകും.
പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.
ലക്ഷദ്വീപിൽ ഒമ്പത്, ഗൾഫിൽ ഏഴ് പരിക്ഷ കേന്ദ്രങ്ങളുമുണ്ട്. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടുഘട്ടങ്ങളിലായാണ് മൂല്യനിർണയം. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും.
ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ച് പേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്(1,843).