‘കുട്ടി ആരാധകൻ ഹാപ്പി’; ഭിന്ന ശേഷിക്കാരനായ കുരുന്നിനൊപ്പം ക്രിക്കറ്റ് കളിച്ച് സഞ്ജു സാംസണ്‍

സഞ്ജു ബാറ്റ് ചെയ്തപ്പോള്‍ കുട്ടി പന്തെറിഞ്ഞ് നല്‍കുകയായിരുന്നു.

0
367

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ മുഖമാണ് സഞ്ജു സാംസണ്‍. നിരവധി ആരാധകരെ ഇക്കാലയളവില്‍ സൃഷ്ടിക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. പല കുഞ്ഞ് ആരാധകരും സഞ്ജുവിനുണ്ട്. ഇവരെയെല്ലാം പരമാവധി സന്തോഷിപ്പിക്കാന്‍ സഞ്ജു ശ്രമിക്കാറുമുണ്ട്. കഴിഞ്ഞിടെ കേരളത്തിലെ ഒരു ഭിന്നശേഷിക്കാരനായ 11 വയസുകാരന്‍ മുഹമ്മദ് യാസീന്‍ സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു.

ഇരു കൈകളും ഒരു കാലുമില്ലാത്ത കുരുന്ന് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ നേരത്തെ തന്നെ വൈറലായിരുന്നു. അതുകൊണ്ടുതന്നെ ഈ കുട്ടി സഞ്ജുവിനെ കാണണമെന്ന ആഗ്രഹം വെളിപ്പെടുത്തിയത് സഞ്ജുവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ സഞ്ജു നേരിട്ട് വീഡിയോ കോള്‍ വിളിക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തിരുന്നു. അടുത്ത തവണ നാട്ടിലേക്ക് വരുമ്പോള്‍ നേരിട്ട് കാണാമെന്ന ഉറപ്പും സഞ്ജു നല്‍കിയിരുന്നു.

ഇപ്പോഴിതാ കുഞ്ഞ് ആരാധകന് നല്‍കിയ വാക്കുപാലിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ഭിന്നശേഷിക്കാരനായ കുട്ടിയെ കാണുകയും അവനോടൊപ്പം സഞ്ജു ക്രിക്കറ്റ് കളിക്കുകയും ചെയ്തു. സഞ്ജു ബാറ്റ് ചെയ്തപ്പോള്‍ കുട്ടി പന്തെറിഞ്ഞ് നല്‍കുകയായിരുന്നു. എന്തായാലും കുട്ടിയുടെ വലിയ ആഗ്രഹമാണ് സഞ്ജു സാധ്യമാക്കിക്കൊടുത്തത്. ഈ വീഡിയോ വൈറലായതോടെ സഞ്ജുവിനെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രം​ഗത്ത് വന്നിരിക്കുന്നത്.

ഉയരങ്ങളിലെത്തുമ്പോള്‍ അഹങ്കരിക്കാത്ത താരമാണ് സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നത്. തന്റെ ആരാധകരെ സഞ്ജു സന്തോഷിപ്പിക്കുന്നതുപോലെ മറ്റൊരു താരവും ചെയ്യില്ല. എങ്ങനെയാണ് സഞ്ജുവിനെ വെറുക്കാന്‍ ചിലര്‍ക്ക് സാധിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇപ്പോള്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജുവുള്ളത്.