കിരീടം സ്വർണ്ണം പൂശിയതാണോ? ; സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെ അളവ് പരിശോധിക്കാനൊരുങ്ങി ലൂർദ് പള്ളി ട്രസ്റ്റ്

പള്ളി വികാരിയും, ട്രസ്റ്റിമാരും ചേര്‍ന്ന സമിതിക്കാണ് പരിശോധനാ ചുമതല. പരിശോധനാ ഫലം പള്ളി വികാരി പാരിഷ് കൗൺസിലിനെ അറിയിക്കണമെന്നും തീരുമാനമായി

0
181

തൃശ്ശൂർ: സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് പള്ളിയിൽ സമര്‍പ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനൊരുങ്ങി ലൂർദ് പള്ളി ട്രസ്റ്റ്. ഞായറാഴ്ച ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പള്ളി വികാരിയും, ട്രസ്റ്റിമാരും ചേര്‍ന്ന സമിതിക്കാണ് പരിശോധനാ ചുമതല. പരിശോധനാ ഫലം പള്ളി വികാരി പാരിഷ് കൗൺസിലിനെ അറിയിക്കണമെന്നും തീരുമാനമായി.

നേത്തേ നടന്ന പാരിഷ് കൗൺസിൽ യോഗത്തിലും ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. കിരീടം സ്വർണ്ണം പൂശിയതാണോ എന്ന സംശയം നേരത്തെ തന്നെ പാരിഷ് കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ പലരും ഉന്നയിച്ചിരുന്നു. സ്വർണ്ണ കിരീടം ആണെന്നാണ് നിലവിൽ വാർത്ത പരന്നിട്ടുള്ളത്. എന്നാൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്ന കാര്യവും അംഗങ്ങൾ ബോധ്യപ്പെടുത്തി.

കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമര്‍പ്പിച്ചത്. ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണ് കിരീടമെന്ന സംശയം കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങൾക്കുമുണ്ട്. കത്തീഡ്രല്‍ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപിയും കുടുംബവും പള്ളിയിൽ എത്തി കിരീടം സമര്‍പ്പിച്ചത്. ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളിലൂടെയെല്ലാം സ്വർണ്ണ കിരീടമാണ് സമർപ്പിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.