രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ; പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്, ഇന്ന് തെളിവെടുപ്പ് നടത്തും

പ്രതി ഹസന്‍ കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

0
96

തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്. മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടിയെന്ന് പൊലിസ് പറയുന്നു. പ്രതി പറയുന്ന കാര്യങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് പൊലിസ് പറയുന്നു.

അതേസമയം, പ്രതി ഹസന്‍ കുട്ടിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്ത് പ്രതി പല സ്ഥലങ്ങളെത്തിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചിരുന്നു. സ്ഥിരമായി പോക്‌സോ സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ചെയ്യുന്ന ആളാണെന്നും കമ്മീഷണര്‍ പറഞ്ഞു.

അയിരൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാള്‍ മുന്‍പ് അറസ്റ്റിലായത്. ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം പോയതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

കുട്ടിയെ തട്ടികൊണ്ടു പോയത് 12 മണിക്കും ഒരു മണിക്കും മധ്യേയാണ്. സംഭവ ദിവസം രാത്രി പ്രതി ട്രെയിൻ ഇറങ്ങിയത് പേട്ട സ്റ്റേഷനിൽ. കാണുമ്പോൾ മലയാളി ആയിട്ടാണ് തോന്നുന്നത്. പക്ഷേ ഗുജറാത്തിൽ ആണ് ജനിച്ചതെന്നും ചെറുപ്പത്തിലേ ഇങ്ങോട്ട് വന്നതാണെന്നും പറയുന്നു. മലയാളികൾ ആയവർ ദത്തെടുത്തുന്നു എന്നും പറയുന്നു. വർക്കല അയിരൂരിലെ അഡ്രസ്സ് ആണ് നിലവിൽ ഉള്ളത്.
കുട്ടിയെ തട്ടിയെടുത്ത അതേ രാത്രി പുലരും മുൻപ് കുട്ടിയെ ഉപേക്ഷിച്ചു എന്നാണ് ഇപ്പോൾ പറയുന്നത്. നിലവിലെ വിവരം അനുസരിച്ച് ക്ഷേത്രത്തിലെ മോഷണക്കേസ് ഉൾപ്പടെ പ്രതിക്കെതിരെ 8 കേസുകളുണ്ട്.

രണ്ട് ആഴ്ച മുമ്പാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും ജയിൽരേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.